ത്വാഇഫ്: ത്വാഇഫിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു കോട്ടയുണ്ട്. വാസ്തുവിദ്യയുടെ ശില്പ ചാരുതയും പഴമയുടെ പെരുമയും വിളിച്ചോതുന്ന ഈ നിർമിതി ചരിത്രകാരന്മാരെയും സന്ദർശകരെയും ഏറെ ആകർഷിക്കുന്നു. ഇസ്ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തിയ പ്രശസ്ത ചന്തയായ ‘സൂഖ് ഉക്കാള്’ നടന്നിരുന്ന മേഖലയുടെ ഏതാനും കിലോമീറ്റർ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ബാനി അദ്വാൻ എന്ന പേരിൽ അറിയപ്പെടുന്ന മേഖലയിലെ മർവാൻ പർവതത്തിന് മുകളിലാണ് വാസ്തുവിദ്യയുടെ ചാരുതയോടെ കോട്ടയോടുകൂടിയ സൗധം നിർമിച്ചിട്ടുള്ളത്. പൂർവികരായ അറബികളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ജാലകമായി കോട്ടയുടെ ശേഷിപ്പുകൾ ഇന്നും കാലാവസ്ഥയെ അതിജയിച്ച് അതിന്റെ പൗരാണിക ഗിരിമയോടെ നിലനിൽക്കുന്നു. പുരാതന വാസ്തുവിദ്യയുടെ മഹത്വത്തിന് നേർ സാക്ഷിയായി കോട്ടയുടെ ഓരോ നിർമിതിയും നിലകൊള്ളുന്നു.

കോട്ട നിലനിൽക്കുന്ന സ്ഥലം പ്രകൃതി രമണീയവും കാഴ്ച്ചക്കാരെ ഏറെ ആകർഷിക്കുന്ന ചരിത്രപരമായ ഒരിടമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ മനാഹി അൽ ഖത്താമി അഭിപ്രായപ്പെട്ടു. കോട്ട ഉറച്ച കല്ലുകൊണ്ട് നിർമിച്ചതാണെന്നും, കാലത്തിന്റെ ഘടകങ്ങളെ ചെറുക്കുന്ന തരത്തിലാണ് അതിന്റെ വാസ്തുവിദ്യ രൂപകൽപന ചെയ്തിരിക്കുന്നതെന്നും, പ്രാദേശിക പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രതിരോധ ശക്തിക്കും വാസ്തുവിദ്യ സൗന്ദര്യത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിൽ അതിന്റെ നിർമാതാക്കളുടെ പ്രതിഭയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ട നില നിൽക്കുന്ന ഈ വിശിഷ്ടമായ പ്രദേശം സവിശേഷവും തന്ത്രപരവുമായ ഒരു പനോരമിക് കാഴ്ച നൽകുന്നു. വിശാലമായ ഈന്തപ്പനത്തോട്ടങ്ങൾ അതിന് മുന്നിൽ നീണ്ടുകിടക്കുന്നു. പർവതപ്രദേശങ്ങൾക്കിടയിൽ ഒരു പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി സൃഷ്ടിക്കുന്നു. കോട്ടയുടെ കാഴ്ച കേവലം സൗന്ദര്യാത്മകമായിരുന്നില്ല മുൻകാലങ്ങളിൽ ഇതിന് പ്രായോഗിക പ്രാധാന്യവും ഉണ്ടായിരുന്നു. സംശയാസ്പദമായ ഏതൊരു നീക്കവും നിരീക്ഷിക്കാനും പ്രാദേശിക ജനതക്ക് കാർഷിക ഭൂമികളുടെയും സുപ്രധാന വിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും കോട്ടയിൽ നിശ്ചയിച്ചിരുന്ന കാവൽക്കാർ വഴി സാധിച്ചിരുന്നു.

ത്വാഇഫിന് വടക്കുള്ള മർവാൻ കോട്ടയുടെ ചുറ്റു മതിലുകളുടെയും ഗോപുരങ്ങളുടെയും ഭാഗങ്ങൾ പഴമയുടെ രൂപത്തിൽ തന്നെ ഇന്നും നിലനിൽക്കുന്നു. പർവതങ്ങളും ഉയർന്നുനിൽക്കുന്ന ഈന്തപ്പനകളും ഇടകലർന്ന ചരിത്ര അന്തരീക്ഷം ആസ്വദിക്കുന്ന സന്ദർശകരെ ഹഠാദാകർഷിക്കുന്നു.പ്രദേശം ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ അധികൃതർ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ചരിത്ര ഗവേഷകനായ ബന്ദർ അൽ അദ്വാനി പറഞ്ഞു. മർവാൻ കോട്ട ഒരു ചരിത്ര ലാൻഡ് മാർക്കിനേക്കാൾ കൂടുതൽ ശ്രദ്ധേയമാണെന്നും പൂർവ്വികരുടെ ചരിത്രത്തിലേക്കുള്ള ഒരു ജാലകമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.