കോട്ടയം: വനിതാ ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് വേദിയാകുമോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. കഴിഞ്ഞ ജൂണ്‍ 11ന് ബംഗളൂരിവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്ടറി പരേഡിനിടെ 11 പേര്‍ മരിച്ചസാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ പോലീസ് ക്ലിയറന്‍സ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കാര്യവട്ടത്തേക്ക് ബംഗളൂരില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നത്. ഓഗസ്റ്റ് 10നു മുമ്പ് പോലീസ് ക്ലിയറന്‍സ് വാങ്ങണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നുവെങ്കിലും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) അത് സാധിച്ചില്ല.
സെപ്റ്റംബര്‍ 30 ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരവും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരവും (ഒക്ടോബര്‍ 3) ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരവും (ഒക്ടോബര്‍ 26) ഒക്ടോബര്‍ 30 ന് നടക്കുന്ന രണ്ടാം സെമിഫൈനലുമാണ് ബംഗളൂരില്‍ നടക്കേണ്ടിയിരുന്നത്. ആ മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറുന്നത്. ഒരുപക്ഷേ നവംബര്‍ രണ്ടിനു നടക്കുന്ന ഫൈനലും കേരളത്തില്‍ നടന്നേക്കാം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 7 വരെ കാര്യവട്ടത്ത് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണ്‍ വേദി മറ്റൊരിടത്തേക്കു മാറ്റാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സമ്മതമാണ്.
ഐസിസി മാനദണ്ഡമനുസരിച്ച്, ടൂര്‍ണമെന്റിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും വേദി സംഘാടകര്‍ക്ക് കൈമാറണം. അതായത്, സെപ്റ്റംബര്‍ 25, 27 തീയതികളില്‍ തിരുവനന്തപുരത്തിന് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഒരാഴ്ചയ്‌ക്കുള്ളില്‍ ബിസിസിഐയും ഐസിസിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.