ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഹോക്കിക്കുള്ള 18 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. ബിഹാറിലെ രാജ്ഗിറില്‍ വരുന്ന 29 മുതല്‍ അടുത്ത മാസം ഏഴ് വരെയാണ് ടൂര്‍ണമെന്റ്. അടുത്ത വര്‍ഷം നടക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പ് ഹോക്കിക്കുള്ള യോഗ്യതാ മത്സരം കൂടിയായിരിക്കും ഏഷ്യാകപ്പ്.
ജപ്പാന്‍, ചൈന, കസാഖ്സ്ഥാന്‍ എന്നിവരുള്‍പ്പെടുന്ന പൂള്‍ എയിലാണ് ഭാരതം. 29ന് ആദ്യ മത്സരത്തില്‍ ഭാരതം ചൈനയെ നേരിടും. 31 ജപ്പാനെയും സപ്തംബര്‍ ഒന്നിന് കസാഖ്സ്ഥാനെയും നേരിടും. ഹര്‍മന്‍പ്രീത് സിങ് ആയിരിക്കും ഭാരതത്തെ നയിക്കുക. വളരെ പരിചയ സമ്പത്തുള്ളൊരു നിരയെ ആണ് നമുക്ക് ഏഷ്യാകപ്പിന് അണിനിരത്താന്‍ പോകുന്നതെന്ന് ഭാരത ഹോക്കി ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ടോണ്‍ പറഞ്ഞു. വലിയ സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ കളിച്ചു മുന്നേറാന്‍ കരുത്തുള്ള ടീമുമായാണ് നമ്മള്‍ ഏഷ്യാകപ്പിനിറങ്ങുക. ഈ ടൂര്‍ണമെന്റ് വളരെ നമുക്ക് വളരെ നിര്‍ണായകമാണ്. ലോകകപ്പ് പ്രവേശം നിര്‍ണയിക്കപ്പെടുന്ന വേദിയാണ് ഏഷ്യാകപ്പ് ഹോക്കി. നമ്മുടെ ലക്ഷ്യത്തിലേക്ക് കരുത്തോടെ കുതിക്കാനാകുന്നൊരു ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്.
ടീമിന്റെ ബാലന്‍സിങ്ങിലും നിലവാരത്തിലും തനിക്ക് വളരെ തൃപ്തിയുണ്ടെന്ന് കോച്ച് പ്രതികരിച്ചു. പ്രതിരോധം, മധ്യനിര, മുന്നേറ്റം എന്നീ മേഖലകളിലെല്ലാം നിയച്ചുകൊണ്ടുപോകാന്‍ ഓരോരുത്തര്‍ നമുക്കുണ്ടാകും. ഈ ഒരു ടീം ഏഷ്യാകപ്പിന് വേണ്ടി മാത്രമായിരിക്കില്ല പകരം എന്നേക്കുമുള്ള കരുത്തന്‍ നിരയായിരിക്കുമെന്നും ഫുള്‍ടോണ്‍ അഭിപ്രായപ്പെട്ടു.
ഭാരത ടീം: ഗോള്‍കീപ്പര്‍മാര്‍- കൃഷന്‍ ബി. പഥക്, സുരാജ് കര്‍ക്കേറ
പ്രതിരോധ താരങ്ങള്‍- സുമിത്ത്, ജര്‍മന്‍പ്രീത് സിങ്, സഞ്ചയ്, ഹര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, ജുഗ്‌രാജ് സിങ്
മധ്യനിര: രജീന്ദര്‍ സിങ്, രാജ് കുമാര്‍ പാല്‍, ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ്, വിവേക് സാഗര്‍ പ്രസാദ്
മുന്നേറ്റ താരങ്ങള്‍- മന്‍ദീപ് സിങ്, ശിലാനന്ദ് ലക്ര, അഭിഷേക്, സുഖ്ജീത്ത് സിങ്, ഡില്‍പ്രീത് സിങ്
കരുതല്‍ താരങ്ങളായി നീലം സന്‍ദീപ് എക്‌സസും സെല്‍വം കാര്‍ത്തിയും