ന്യൂദല്‍ഹി: നിഷ്പക്ഷ വേദികളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഭാരത ക്രിക്കറ്റ് ടീമിനെ വിലക്കില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭാരത താരങ്ങള്‍ പാകിസ്ഥാനില്‍ പോകുന്നതിനും പാക് താരങ്ങള്‍ രാജ്യത്തെത്തി മത്സരത്തിലേര്‍പ്പെടുന്നതിനെയും ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
നിഷ്പക്ഷ വേദിയില്‍ അരങ്ങേറുന്ന ബഹുരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യ മുണ്ടായാല്‍ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതവും പാകിസ്ഥാനും പ്രാഥമിക ഘട്ടത്തില്‍ ഒരേ ഗ്രൂപ്പിലാണ്. പാകിസ്ഥാനെതിരായ ഭാരതത്തിന്റെ മത്സരം സപ്തംബര്‍ 14നാണ് നടക്കുക. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ മത്സരിക്കുന്നത് ആവാം എന്ന നിലപാടാണ് കായിക മന്ത്രാലയത്തിനുള്ളത്. ഇതു കൂടാതെ ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലും മറ്റും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ പാകിസ്ഥാനെതിരെ ഭാരത ടീം കളിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതേസമയം ഭാരത ടീം പാകിസ്ഥാനില്‍ പോയും അവര്‍ ഭാരതത്തിലെത്തിയും കളിക്കുന്നതിനെ ഒരു തരത്തിലും അനുവദിക്കില്ല.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് കായിക മന്ത്രാലയം കണിശമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അടുത്തിടെ ഐസിസി സംഘടിപ്പിച്ച ഇതിഹാസ താരങ്ങളുടെ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഭാരത ടീം കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിന്റെ വേദി പാകിസ്ഥാന്‍ ആയിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ ഭാരത ടീമിനെ അയയ്‌ക്കില്ലെന്ന ബിസിസിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് മത്സരങ്ങളില്‍ ചിലത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.