തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്‍റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. നവംബർ 10 നും 18നും ഇടക്ക് അന്താരാഷ്‌ട്ര സൗഹൃദ മത്സരം കളിക്കുമെന്നാണ് അന്താരാഷ്‌ട്ര അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ അറിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകും മത്സരമെന്നാണ് റിപ്പോർട്ട്.
എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്തു തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്. വേദി സംബന്ധിച്ചു അന്തിമ തീരുമാനം വന്നിട്ടില്ല. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നത് കായിക മന്ത്രി വി അബ്ദുറഹിമാനും സ്ഥിരീകരിച്ചിട്ടുണ്ട്.
2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
തുടക്കത്തിൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരള സർക്കാറിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.മാസങ്ങൾ നീണ്ട വിവാദത്തിനു ശേഷമാണ് പുതിയ അറിയിപ്പ് എത്തുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മെസിയുടെ ഇന്ത്യ സന്ദർശനത്തിന് അംഗീകാരം ലഭിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഡിസംബർ 12ന് എത്തുമെന്നായിരുന്നു അന്ന് ലഭിച്ച വിവരം.