തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് തൃശൂര്‍ 21 പന്തുകള്‍ ബാക്കിവച്ച് ഗംഭീര വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 16.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി തൃശൂര്‍ വിജയത്തിലെത്തി.
ആനന്ദ് കൃഷ്ണന്‍ 39 പന്തുകളില്‍ നേടിയ 61 റണ്‍സും അഹമ്മദ് ഇമ്രാന്‍ 44 പന്തുകളില്‍ നേടിയ 61 റണ്‍സും ആണ് തൃശൂര്‍ വിജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്തു. തൃശൂരിന്റെ അക്ഷയ് മനോഹര്‍(പത്ത്), അര്‍ജുന്‍ എ.കെ(ഒന്ന്) എന്നിവര്‍ ഓരോ വകിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച തൃശൂര്‍ ടൈറ്റന്‍സ് സിബിന്‍ ഗിരീഷിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ആലപ്പിറിപ്പിള്‍സിനെ 151 റണ്‍സില്‍ ഒതുക്കിയത്. ആലപ്പിയുടെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(56) അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചു. പക്ഷെ ശ്രീരൂപ് എം.പി(പുറത്താകാതെ 30) മാത്രമാണ് പിന്തുണ നല്‍കാനുണ്ടായത്. ഒടുവില്‍ പൊരുതാവുന്ന ടോട്ടലുമായി ആലപ്പി പ്രതിരോധത്തിന് മുതിരുകയായിരുന്നു. തൃശൂരിന്റെ ആനന്ദ് ജോസഫ് രണ്ട് വിക്കറ്റ് നേടി.