മുംബൈ: ഭാരതത്തെ നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ വിജയത്തിലേക്കു നയിച്ച വണ്‍ ഡൗണ്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞദിവസം വിരമിച്ചു.
103 ടെസ്റ്റുകളില്‍നിന്ന് 43.6 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുള്ള ചേതേശ്വര്‍ പൂജാര രാഹുല്‍ ദ്രാവിഡ് വിരമിച്ച ശേഷം മൂന്നാം നമ്പറില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. 19 സെഞ്ച്വറിയും 35 അര്‍ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍, 2023നു ശേഷം പൂജാരെ ഭാരതത്തിനു വേണ്ടി കളിത്തിലിറങ്ങിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്‌ക്കെതിരായിരുന്നു പൂജാരയുടെ അവസാന മത്സരം.
സോഷ്യല്‍ മീഡിയയിലൂടെയാണ് പൂജാര തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതും ദേശിയ ഗാനം ആലപിക്കുന്നതുമെല്ലാം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭവമാണ്. എന്നാലും എല്ലാ നല്ല കാര്യത്തിനും അന്ത്യം വേണമെന്നാണല്ലോ. ഏറ്റവു നന്ദിയുമായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നു,’ പൂജാര എക്‌സില്‍ കുറിച്ചു. 2010നു ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ് പൂജാര. 99 മത്സരങ്ങളില്‍ലെ 15797 പന്തുകളാണ് പൂജാരെ നേരിട്ടത്.
2010 അവസാനത്തില്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം, അവര്‍ക്കെതിരായ നിരവധി പരമ്പര വിജയങ്ങളില്‍ പങ്കാളിയായി, ഏറ്റവും അവിസ്മരണീയമായത് 2018-19 ലും 2020-21 ലും ഓസ്‌ട്രേലിയയിലും, 2023 ന്റെ തുടക്കത്തില്‍ സ്വന്തം നാട്ടിലും കളിച്ച ടെസ്റ്റുകളിലായിരുന്നു. 2018-19 സീസണില്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 521 റണ്‍സ് നേടിയ പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തില്‍ പ്ലെയര്‍ ഓഫ് ദ സീരീസായി ചരിത്രനേട്ടം കൈവരിച്ചു.
കേവലം അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് പൂജാര കളിച്ചത്. 51 റണ്‍സും നേടി.
2013 ഓഗസ്റ്റ് മുതല്‍ 2014 ജൂണ്‍ വരെയാണ് പൂജാര ഏകദിനം കളിച്ചത്. ഐപിഎല്ലില്‍ അദ്ദേഹം മൂന്ന് ടീമുകള്‍ക്കായി കളിച്ചു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2010), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (2011 മുതല്‍ 2013 വരെ), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (2014). 2021 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍, 2023 ഡിസംബറില്‍ 50 ഓവര്‍ മത്സരവും 2022 നവംബറില്‍ ഒരു ടി20 മത്സരവും അദ്ദേഹം കളിച്ചു.