മസൂറി (യുഎസ്): ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ആറ് റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ആറാം റൗണ്ടില്‍ പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡൂഡയുമായി പ്രജ്ഞാനന്ദ സമനില പിടിച്ചു. ഇപ്പോള്‍ മൂന്നര പോയിന്‍റാണ് പ്രജ്ഞാനന്ദയ്‌ക്കുള്ളത്. നാല് പോയിന്‍റോടെ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയോന കരുവാനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്ന് പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.
ജാന്‍ ക്രിസ്റ്റഫ് ഡൂഡയുമായി സിസിലിയന്‍ ഡിഫന്‍സിലെ ആലപിന്‍ വേരിയേഷനിലായിരുന്നു പ്രജ്ഞാനന്ദ കളിച്ചത്. പ്രജ്ഞാനന്ദ ക്വീന്‍ സൈഡിലേക്ക് കാസില്‍ ചെയ്തയുടന്‍ റൂക്ക് (തേര്) ബലികഴിച്ചൂുകൊണ്ടുള്ള ഒരു നീക്കമാണ് ഡൂഡയ്‌ക്ക് സമനില ലഭിക്കാന്‍ കാരണമായത്. പിന്നീട് ഈ റൂക്ക് പ്രജ്ഞാനന്ദ തിരിച്ചുകൊടുത്തു. കളിയില്‍ തുടക്കം മുതലേ നേരിയ മുന്‍തൂക്കം പ്രജ്ഞാനന്ദയ്‌ക്കായിരുന്നു. പക്ഷെ 32ാം നീക്കത്തിനൊടുവില്‍ സമനില വഴങ്ങേണ്ടി വന്നു.
ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെയാണ് ഫാബിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേ സമയം ഗുകേഷിനെ തോല്‍പിക്കുകയും മറ്റ് അഞ്ച് കളികളില്‍ സമനില പിടിക്കുകയും ചെയ്ത പ്രജ്ഞാനന്ദ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നോഡിര്‍ബെക് അബ്ദുസത്തൊറോവും അമേരിക്കയുടെ യുവ ഗ്രാന്‍റ് മാസ്റ്റര്‍ സാം സെവിയനുമായും പ്രജ്ഞാനന്ദ സമനിലയിലായി. പൊതുവേ ആക്രമിച്ചു കളിക്കുന്ന പതിവ് ശീലം മാറ്റിവെച്ച് സേഫ് ആയി, തോല്‍വികള്‍ ഒഴിവാക്കി കളിക്കുകയാണ് പ്രജ്ഞാനന്ദ. പക്ഷെ ഇത് പ്രജ്ഞാനന്ദയുടെ സ്വാഭാവിക കേളിശൈലിയില്‍ നിന്നും വ്യത്യസ്തമാണ്. അമേരിക്കയുടെ തന്നെ ലെവോണ്‍ അരോണിയോനും പ്രജ്ഞാനന്ദയ്‌ക്കൊപ്പം മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.
ഒരു കളി തോല്‍ക്കുകയും ഒരു കളി ജയിക്കുകയും നാല് കളികളില്‍ സമനില വാങ്ങുകയും ചെയ്ത ഗുകേഷിന് മൂന്ന് പോയിന്‍റേ ഉള്ളൂ. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയുമായുള്ള ആറാം റൗണ്ടിലെ മത്സരത്തില്‍ കഷ്ടിച്ചാണ് ഗുകേഷിന് സമനില ലഭിച്ചത്. അമേരിക്കയുടെ വെസ്ലി സോ, അമേരിക്കയുടെ സാം സെവിയാന്‍, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ എന്നിവരും രണ്ട് പോയിന്‍റുകള്‍ വീതം മൂന്നാം സ്ഥാനത്താണ്.
പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റോഫ് ഡൂഡ, നോഡിര്‍ബെക് അബ്ദുസത്തൊറോവ് എന്നിവര്‍ യഥാക്രമം ഒന്നര പോയിന്‍റും അര പോയിന്‍റും മാത്രം നേടി അവസാനസ്ഥാനങ്ങളിലാണ്.