മിസൂറി: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഏഴാം റൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് നാലര പോയിന്‍റായി.
പ്രജ്ഞാനന്ദയുടെ കളിയില്‍ ഗുണപരമായ ഒരു മാറ്റം സിന്‍ക്വിഫീല്‍ഡ് കപ്പില്‍ കാണാന്‍ കഴിഞ്ഞു. സാധാരണയായി കണ്ണും പൂട്ടി ആക്രമണശൈലി അഴിച്ചുവിടുന്ന പ്രജ്ഞാനന്ദ പലപ്പോഴും കളിക്കിടയില്‍ ഒന്നോ രണ്ടോ തോല്‍വിയില്‍ കുരുങ്ങി കപ്പ് നഷ്ടപ്പെടുത്താറുണ്ട്. പക്ഷെ ഇവിടെ പക്വതയാര്‍ന്ന ഒരു സമീപനത്തിലൂടെയാണ് പ്രജ്ഞാനന്ദ മുന്നോട്ട് നീങ്ങുന്നത്. സമനിലകളുടെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രജ്ഞാനന്ദയെയാണ് കാണാന്‍ കഴിയുക. സമനിലയില്‍ നിന്നും ലഭിക്കുന്ന അരപോയിന്‍റ് വിജയത്തില്‍ നിന്നും ലഭിക്കുന്ന ഒരു പോയിന്‍റിനേക്കാള്‍, തോല്‍വിയിലൂടെ നഷ്ടമാകുന്ന ഒരു പോയിന്‍റിനേക്കാള്‍ പ്രധാനമാണെന്ന് പ്രജ്ഞാനന്ദ മനസ്സിലാക്കിയിരിക്കുന്നു. വിജയം സാധ്യമാകുന്ന ഗെയിമുകളില്‍ മാത്രം ആക്രമിച്ചു കളിക്കുക, അല്ലാത്ത ഗെയിമുകളില്‍ സമനിലയ്‌ക്ക് വഴങ്ങുക എന്ന കേളീശൈലി പ്രജ്ഞാനന്ദ ഒരു കളിക്കാരന്‍ എന്ന നിലയില്‍ കൂടുതല്‍ പക്വത നേടിയതിന്റെ തെളിവാണ്. അതിന്റെ അനുഭവസാക്ഷ്യമാണ് സിന്‍ക്വിഫീല്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.
“ഈ വിജയം പ്രധാനമായിരുന്നു”- വിജയത്തിന് ശേഷം പ്രജ്ഞാനന്ദ പറഞ്ഞു. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് പ്രജ്ഞാനന്ദ വിജയം നേടിയത് എന്നത് പ്രധാനമാണ്. റൊസോലിമോ സിസിലിയന്‍ ഓപ്പണിംഗിലായിരുന്നു കളി. 15 നീക്കത്തില്‍ കൂതിരയെ (നൈറ്റ്) എ6 കോളത്തിലേക്ക് നീക്കിയതോടെ ഗെയിമില്‍ തനിക്ക് മേല്‍ക്കൈ കിട്ടിയതായി മനസ്സിലായെന്ന് പ്രജ്ഞാനന്ദ പറഞ്ഞു. 19ാം നീക്കത്തില്‍ അലിറെസ ഫിറൂഷ പിഴവ് വരുത്തുകയും ചെയ്തു. കുതിരയെ (നൈറ്റ്) കൊണ്ട് കാലാളിനെ വെട്ടിമാറ്റുന്നതിന് പകരം മറ്റൊരു നീക്കമാണ് അലിറെസ നടത്തിയത്. ഇതോടെ വിജയം തന്റെ കൈപ്പിടിയിലായെന്നും പ്രജ്ഞാനന്ദ പറയുന്നു. അലിറെസയ്‌ക്ക് ബോര്‍ഡിന്റെ കേന്ദ്രമായ നടുക്കള്ളികളിലുള്ള പിടി അയഞ്ഞു എന്ന് മാത്രമല്ല, രണ്ട് ആനകളെ (ബിഷപ്പ്) ഉപയോഗിച്ച് പ്രജ്ഞാനന്ദ ഫ്രാന്‍സിലെ ഒന്നാം നമ്പര്‍ ഗ്രാന്‍റ് മാസ്റ്റര്‍ക്കെതിരെ ആധിപത്യം നേടുകയും ചെയ്തു. ആദ്യത്തെ 20 നീക്കങ്ങളില്‍ ചെസ് ബോര്‍ഡിന്റെ നടുക്കള്ളികളില്‍ മേധാവിത്വം നേടുന്നവരാണ് ഗെയിം കയ്യിലൊതുക്കുക. ഇതു തന്നെയാണ് ഈ ഗെയിമില്‍ സംഭവിച്ചത്.
ഇതുവരെ ടൂര്‍ണ്ണമെന്‍റില്‍ മൂന്നിട്ട് നിന്നിരുന്ന അമേരിക്കയുടെ ഫാബിയോനോ കരുവാനയെ അമേരിക്കയുടെ ലെവൊണ്‍ ആരോണിയന്‍ സമനിലയില്‍ പിടിച്ചു. ഇതോടെ ഫാബിയാനോ കരുവാനയ്‌ക്ക് നാലര പോയിന്‍റായി. ഫാബിയാനോയും ലെവോണ്‍ ആരോണിയോനും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു.
അമേരിക്കയുടെ വെസ്ലി സോയുമായി പരാജയപ്പെട്ടതോടെ ഗുകേഷിന്റെ കിരീട സാധ്യത മങ്ങി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയുമായും ഗുകേഷ് പരാജയപ്പെട്ടിരുന്നു. പിന്നീടുള്ള അഞ്ച് കളികളിലും ഗുകേഷിന് ഒരു വിജയം പോലും നേടാനുമായി. ഈ ഒരു പരാജയത്തോടെ ഗുകേഷ് മൂന്ന് പോയിന്‍റോടെ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇനി കിരീടം നേടാന്‍ ഗുകേഷിനാകില്ല, കാരണം ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. “ലോക ചാമ്പ്യനെ പരാജയപ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടം തന്നെ. ശക്തനായ ഗുകേഷിനോട് വിജയം നേടിയത് അനുഗ്രഹമാണ്.”- വെസ്ലി സോ പ്രതികരിച്ചു.
ബെര്‍ലിന്‍ ഡിഫന്‍സിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. 20 നീക്കത്തില്‍ നടത്തിയ ഒരു പിഴവാണ് കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷിന് വിനയായത്.
ഈ ജയത്തോടെ നാല് പോയിന്‍റോടെ വെസ്ലി സോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലെവോണ്‍ ആരോണിയോണും നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. സാം സെവിയാന്‍, മാക്സിം വാചിയര്‍ ലെഗ്രാവ്, ക്രിസ്റ്റഫ് ഡൂഡ എന്നിവര്‍ മൂന്നരപോയിന്‍റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.