ന്യൂദല്‍ഹി: ചതുരംഗം പണ്ടേ ഇന്ത്യയുടെ കളിയാണ്. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലാണ് ചെസ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചതുരംഗം എന്നത് സംസ്കൃതപദമാണ്. നാല് വിഭാഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. പണ്ടത്തെ സൈന്യത്തിലെ നാല് വിധമായ സൈനികവിഭാഗങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. പിന്നീട് പേഴ്സ്യ വഴി ചതുരംഗം മധ്യേഷ്യയിലേക്ക് പോയി. പിന്നീട് പല വിധ മാറ്റങ്ങളിലൂടെ ഇന്നത്തെ ആധുനിക ചെസ്സായി അത് രൂപപ്പെട്ടു.
ചെസിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളായിരുന്നു റഷ്യയുടെ ഗാരി കാസ്പറോവും നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനും. 15 വര്‍ഷത്തോളം ചെസില്‍ ആധിപത്യം നേടിയ താരമാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ 14 വര്‍ഷമായി ചെസ്സിലെ റാങ്കിങ്ങില്‍ കാള്‍സന്‍ ഒന്നാമനാണ്. ചരിത്രം നോക്കിയാല്‍ പണ്ടത്തെ സോവിയറ്റ് യൂണിയനും ഇപ്പോഴത്തെ റഷ്യയും ഏറെക്കാലം ചെസില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിഖായേല്‍ ബോട് വിനിക്, മിഖായേല്‍ താള്‍, ടിഗ്രാന്‍ പെട്രോസിയന്‍, ബോറിസ് സ്പാസ്കി, അനറ്റോലി കാര്‍പോവ്, ഗാരി കാസ്പറോവ്, വിക്ടര്‍ കോര്‍ച്ച് നോയി എന്നിവരെല്ലാം ചെസ്സിലെ സോവിയറ്റ് യൂണിയന്‍, റഷ്യ ആധിപത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ 1940 മുതല്‍ 1991 വരെ സോവിയറ്റ് യൂണിയന്‍ ആധിപത്യമായിരുന്നു ചെസില്‍.
ചെസ്സില്‍ ആധിപത്യം ഏറെക്കാലം പുലര്‍ത്തിയ മറ്റൊരു രാജ്യം അമേരിക്കയായിരുന്നു. പോള്‍ മോര്‍ഫിയും ബോബി ഫിഷറും ആദ്യകാല അമേരിക്കന്‍ താരങ്ങളായിരുന്നു. ചെസില്‍ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ശക്തി യൂറോപ്പായിരുന്നു. യൂറോപ്പില്‍ തന്നെ ജര്‍മ്മനി, നെതര്‍ലാന്‍റ്സ്, പോളണ്ട് എന്നീ രാജ്യങ്ങളാണ് പ്രമുഖര്‍. അക്കിബ റൂബിസ്റ്റീന്‍, നജോഫ് എന്നിവരെല്ലാം മികച്ച പോളിഷ് താരങ്ങളായിരുന്നു. അഡോള്‍ഫ് ആന്‍ഡേഴ്സന്‍, ഇമ്മാനുവല്‍ ലാസ്കര്‍ എന്നിവരെല്ലാം മികച്ച ജര്‍മ്മന്‍ താരങ്ങളായിരുന്നു.
ചെസ്സില്‍ ഏറെക്കാലം ഉണ്ടായിരുന്ന റഷ്യ (സോവിയറ്റ് യൂണിയന്‍), അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ മേല്‍ക്കോയ്‌മയ്‌ക്ക് ശേഷം ചൈന അതിവേഗം ചെസ്സില്‍ കുതിച്ചുയരുകയാണ്. ചെസ്സില്‍ ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റിയത് വിശ്വനാഥന്‍ ആനന്ദ് എന്ന കളിക്കാരനാണ്. 2000ല്‍ ആണ് ആദ്യമായി വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായത്. അതിന് ശേഷം 2012 വരെ നീളുന്ന ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ആനന്ദ് അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം നേടി. ഇക്കാലം ഇന്ത്യയുടെ ആധിപത്യമായിരുന്നു പുരുഷ ചെസ്സില്‍.
അതിന് ശേഷം വീണ്ടും നോര്‍വ്വെയുടെ കൈകളിലേക്ക് ചെസ്സിന്റെ കടിഞ്ഞാണ്‍ പോയി. യൂറോപ്പിന്റെ മേധാവിത്വം ഉറപ്പിച്ചത് മാഗ്നസ് കാള്‍സനാണ്. ആനന്ദിന്റെ ആധിപത്യം തകര്‍ത്ത് 2013 മുതല്‍ 2021 വരെ മാഗ്നസ് കാള്‍സന്‍ അഞ്ച് തവണ ഫിഡെ ലോക കിരീടം ചൂടി. പിന്നീട് എതിരാളിയില്ലെന്ന് പ്രഖ്യാപിച്ച് ആറാം തവണ ലോകകിരീടത്തിന് വേണ്ടി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പിന്‍മാറി. അങ്ങിനെയാണ് 2023ല്‍ ചൈനയുടെ ഡിങ്ങ് ലിറന്‍ ലോകചാമ്പ്യനായത്. പക്ഷെ 2024ല്‍ ചൈനയുടെ മേധാവിത്വം തകര്‍ത്ത് ഇന്ത്യ ഫിഡെ ലോകകിരീടം നേടി. ഡിങ്ങ് ലിറനെ തോല്‍പിച്ച് ഇന്ത്യയുടെ വെറും 18 വയസ്സുള്ള ഗുകേഷാണ് ലോകചാമ്പ്യനായത്. പക്ഷെ ഇതിന് ശേഷം മാഗ്നസ് കാള്‍സന്‍ പല തവണ ഗുകേഷിന് ലോകചാമ്പ്യനാകാന്‍ യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഏറ്റുപിടിച്ചിരിക്കുന്നു. ഗുകേഷിനോടോ മറ്റ് ഇന്ത്യന്‍ താരങ്ങളോടോ കളിക്കുമ്പോള്‍ തനിക്ക് ഭയമില്ലെന്നായിരുന്നു ഫാബിയാനോ കരുവാന ഈയിടെ നടത്തിയ പ്രസ്താവന. ഇപ്പോഴിതാ പഴയ റഷ്യന്‍ ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവും ഗുകേഷിന്റെ കഴിവില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ചെസ്സിലെ ഇന്ത്യയുടെ ആധിപത്യം ഇവരെ അസ്വസ്ഥരാക്കുന്നു.
വാസ്തവത്തില്‍ ഇന്ത്യയില്‍ പുതിയൊരു കൗമാര താരനിര തന്നെ ചെസ്സില്‍ കുതിച്ചുയര്‍ന്ന് വന്നിരിക്കുന്നു. വിശ്വനാഥന്‍ ആനന്ദ് വളര്‍ത്തിയെടുത്തതാണ് ഈ പുതിയ തലമുറയെ.. ഇതില്‍ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, അരവിന്ദ് ചിതംബരം, റൗണക് സാധ്വനി എന്നിവര്‍ ഉണ്ട്. നാളെ ഇവര്‍ ചെസ്സില്‍ ആധിപത്യം പുലര്‍ത്തും എന്നുറപ്പാണ്. ക്ലാസിക്കല്‍ ഗെയിമില്‍ മാത്രമല്ല, റാപ്പിഡിലും ബ്ലിറ്റ്സിലും ഇവര്‍ ഒരുപോലെ തിളങ്ങുന്നു. ഇവരെല്ലാം 22 വയസ്സും അതിന് താഴെയും ഉള്ള ചെറുപ്പക്കാരാണ്. മാഗ്നസ് കാള്‍സന് 37 ആയി. ഫാബിയാനോ കരുവാനയ്‌ക്ക് 33 വയസ്സായി. ഹികാരു നകാമുറയ്‌ക്കും 37 വയസ്സായി.
പക്ഷെ ഇന്ത്യക്കാരില്‍ അര്‍ജുന്‍ എരിഗെയ്സിയാണ് പ്രായം കൂടുതലുള്ള താരം. 21 വയസ്സ്. പ്രജ്ഞാനന്ദയ്‌ക്ക് 20 വയസ്സും ഗുകേഷിന് 19 വയസ്സുമാണ്. ബ്ലിറ്റ്സിലും റാപ്പിഡിലും മാഗ്നസ് കാള്‍സനെ വരെ വെല്ലുവിളിക്കുന്ന താരമാണ് ഇന്ത്യയുടെ നിഹാല്‍ സരിന്‍. പ്രായം 21 മാത്രം. അതായത് ഇവരെല്ലാം നാളെ ചെസ്സില്‍ ഒരു ഇന്ത്യന്‍ യുഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഗുകേഷ് പൊതുവേ ക്ലാസിക്കല്‍ ചെസ്സില്‍ ശ്രദ്ധ ചെലുത്തിയിരുന്ന താരമാണ്. ഇപ്പോഴാണ് കുറെശ്ശെയായി ബ്ലിറ്റ്സിലും റാപ്പിഡിലും കൂടുതലായി ശ്രദ്ധ കേന്ദ്രകീരിച്ചുതുടങ്ങുന്നത്. ഇനിയുള്ള താരങ്ങളെ ചെസ്സിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ഒരുക്കണമെന്ന അഭിപ്രായക്കാരനാണ് ആനന്ദ്. അതിനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ലോകകിരീടത്തില്‍ മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഫാബിയാനോ കരുവാനയും സംശയം പ്രകടിപ്പിച്തുകൊണ്ടായില്ല. നാളെ ചെസ്സില്‍ ഭാരതത്തിന്റെ യുഗം തന്നെയായിരിക്കും.
14 വര്‍ഷമായി ലോക ചെസില്‍ ഒന്നാം റാങ്കുകാരനായി, 2839 എന്ന ഇഎല്‍ഒ റേറ്റിംഗോടെ അരങ്ങ് വാഴുന്ന മാഗ്നസ് കാള്‍സന്റെ യുഗം അസ്തമിക്കാറായി എന്നതിന്റെ സൂചനകള്‍ പുറത്തുവരികയാണ്. ഇന്ത്യന്‍ കൗമാരക്കാരായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റൊരു കൗമാരപ്രതിഭയായ നിഹാല്‍ സരിനും ഇടയ്‌ക്കിടെ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നത് പതിവായിരിക്കുന്നു. ലാസ് വെഗാസില്‍ നടന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ നാണം കെട്ടു. ഇന്ത്യയുടെ പ്രജ്ഞാനന്ദയോട് 39 നീക്കത്തില്‍ പരാജയം ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ ഗുകേഷുമായി നോര്‍വ്വെ ചെസ്സിലും സാഗ്രെബിലെ ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിലും മൂന്ന് തവണയാണ് തോറ്റത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും പല തവണ കാള്സനെ തോല്‍പിച്ചു. അതെ, കാള്‍സന്‍ എന്ന ലോക ഒന്നാം നമ്പര്‍ താരം തോല്‍ക്കുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. ഇന്ത്യയിലെ 19കാരന്‍ പ്രജ്ഞാനന്ദയും 18 കാരന്‍ ഗുകേഷും 21 കാരായ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും 34 കാരനായ മാഗ്നസ് കാള്‍സനെ ചോദ്യം ചെയ്യാവുന്ന കളിക്കാരായി മാറിയിരിക്കുന്നു. അതെ, ലോക ചെസ്സില്‍ മാഗ്നാസ് കാള്‍സന്റെ അജയ്യത അവസാനിക്കാറായി. ഇനി ചെസ് ഉലകം കീഴടക്കാന്‍ പോകുന്നത് ഭാരതത്തിലെ പോരാളികളാണ്. പണ്ടും ചതുരംഗം ഭാരതത്തിന്‍റേതായിരുന്നു. ആ ചതുരംഗപ്പെരുമയിലേക്ക് ഭാരതം തിരിച്ചെത്തിയിരിക്കുന്നു. ചെസ്സില്‍ ലോകത്തിലെ ആദ്യ പത്ത് റാങ്കുകാരില്‍ 4,5,6 സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാരുണ്ട്. അവര്‍ ഇനി 1,2,3 സ്ഥാനങ്ങള്‍ കയ്യടക്കുന്ന കാലം വിദൂരമല്ല.