പാരീസ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് മെഡല്‍ ആശ്വാസം. പുരുഷ ഡബിള്‍സിലെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആണ് സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പാക്കിയത്.
മുന്‍ ജേതാവ് പി.വി. സിന്ധു അടക്കമുള്ള താരങ്ങള്‍ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയപ്പോള്‍ ഏക പ്രതീക്ഷ സാത്വിക്-ചിരാഗ് സഖ്യത്തിലായിരുന്നു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഭാരതത്തിന്റെ സൂപ്പര്‍ സഖ്യം ആഘോഷിച്ച വിജയത്തിന് ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടി പറയാനുണ്ട്. ഒരുവര്‍ഷം മുമ്പ് പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണം പോലും നേടാന്‍ പാകത്തിനുള്ള പ്രകടനത്തോടെയാണ് സാത്വിക്-ചിരാഗ് സഖ്യം മുന്നേറിക്കൊണ്ടിരുന്നത്. സഖ്യത്തിന് വെങ്കല മെഡല്‍ പോലും നിഷേധിച്ചുകൊണ്ട് മലേഷ്യയുടെ ആരോണ്‍ കിയ-വൂയി യിക് സോഹ് സഖ്യം തോല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പാരീസില്‍ ഇതേ സഖ്യത്തിന് മെഡല്‍ നിഷേധിച്ചുകൊണ്ടാണ് സാത്വിക്-ചിരാഗ് സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമിന് തകര്‍പ്പന്‍ ജയം നേടി. രണ്ടാം ഗെയിം അല്‍പ്പം കടുപ്പത്തിലേക്ക് നീങ്ങിയെങ്കിലും മികച്ച പോരാട്ടത്തോടെ ഗെയിമും മത്സരവും സാത്വിക്-ചിരാഗ് സഖ്യം പിടിച്ചടക്കി. സ്‌കോര്‍ 21-12, 21-19. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്നവര്‍ തോറ്റാലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരമില്ല. പകരം തോല്‍ക്കുന്ന രണ്ട് ടീമിനും വെങ്കലം നേടാനാകും. 2022ല്‍ ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക്-ചിരാഗ് സഖ്യം വെങ്കലം നേടിയിരുന്നു.
ഈ നേട്ടത്തോടെ 2011 മുതല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം മുടക്കാത്ത രാജ്യം എന്ന ഖ്യാതി നിലനിര്‍ത്താന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട്. സെമിയില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍ ലോകറാങ്കിങ്ങില്‍ 11-ാം സ്ഥാനത്തുള്ള ഡബിള്‍സ് സഖ്യം ചൈനയുടെ ലി യൂ-ബോ യാങ് ഷെന്‍ ആണ്.