
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍ കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഇന്ന് ഭാരതം ഇറങ്ങുന്നത്. ഏറെക്കുറേ അടുത്ത തലമുറ താരങ്ങളായി ഇറങ്ങുന്ന ഭാരതം നിലവിലെ ട്വന്റി20 ലോക കിരീട ജേതാക്കളാണെന്ന പ്രത്യേകത കൂടിയുണ്ട്.
രാത്രി എട്ടിന് ദുബായി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റ് 2025ലെ രണ്ടാം മത്സരമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടം.
കൃത്യമായ ആസൂത്രണത്തോടെയാണ് ഭാരതം ഫൈനല്‍ ഇലവനെ ഇറക്കുക. മത്സരത്തിന് തൊട്ടുമുമ്പായിരിക്കും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. സ്ലോ ബോളിനെ തുണയ്‌ക്കുന്ന യുഎഇ പിച്ചുകളുടെ സ്വഭാവം പരിഗണിച്ച് ഒരു സ്പിന്നറെ കൂടുതലായി ഇറക്കാന്‍ ഭാരത ക്യാമ്പില്‍ ആലോചനകള്‍ ശക്തമാണ്. വരുണ്‍ ചക്രവര്‍ത്തിയെ ആണ് കണ്ടുവച്ചിരിക്കുന്നത്. പരിചയ സമ്പത്ത് പരിഗണിച്ച് കുല്‍ദീപ് യാദവിന് അവസരം നല്‍കാന്‍ സാധ്യതയും ചെറുതല്ല.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ. സൂര്യയ്‌ക്ക് കീഴില്‍ ഭാരതത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങും. ഗില്ലിനൊപ്പം ഇന്നിങ്സ് തുറക്കാന്‍ കൂട്ടാളിയാകുന്നത് അഭിഷേക് ശര്‍മ ആയിരിക്കും. തിലക് വര്‍മയും മുന്‍നിരയില്‍ തന്നെ കളിക്കും. നായകന്‍ സൂര്യകുമാര്‍ യാദവ് മിക്കവാറും നാലാം നമ്പര്‍ പൊസിഷനില്‍ കളിച്ചേക്കും. തുടര്‍ന്നുള്ള പൊസിഷനുകളില്‍ ഓള്‍റൗണ്ടര്‍മാരെയാണ് പരിഗണിക്കുക. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ഇറങ്ങുമ്പോള്‍ സ്പിന്‍ ബൗളിങ്ങ് കരുത്തുകൂടിയുള്ള ശിവംദുബെ ആറാം നമ്പറില്‍ കളിക്കും.
സഞ്ജു സൈഡ് ബെഞ്ചിലോ ?
സൂര്യകുമാര്‍ ട്വന്റി20യിലെ സ്ഥിരം ക്യാപ്റ്റനായത് മുതല്‍ ഭാരതത്തിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണ്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബി പ്രഥമ കിരീടം ചുടുമ്പോള്‍ ടീമിന്റെ പ്രധാന താരമായിരുന്നു ജിതേഷ് ശര്‍മ. ഐപിഎല്ലിലെ പ്രകടനം ജിതേഷിന് ട്വന്റി20യില്‍ സഞ്ജുവിനെക്കാള്‍ മുന്‍ഗണന നല്‍കുന്നു.
ഭാരത ടീം യുഎഇയില്‍ എത്തിയത് മുതലുള്ള ആദ്യ ദിവസങ്ങളിലെ പരിശീലന സെഷനില്‍ സഞ്ജു അധികം അവസരം നല്‍കിയിരുന്നില്ല. ജിതേഷ് ശര്‍മയില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍, സഞ്ജുവിന്റെ നിലവിലെ ഫോം പരിഗണിച്ച് അവസരം നല്‍കണമെന്നുള്ളതാണ് ശക്തമായ വാദം.
പിച്ചില്‍ പ്രകടമായ മാറ്റം
സമീപ കാലത്ത് യുഎഇയില്‍ നടന്നിട്ടുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ മിക്കതും മാര്‍ച്ച് മാസത്തോടടുപ്പിച്ചായിരുന്നു. ആ സമയത്തെല്ലാം ഇവിടെ സ്ലോ ബോളര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു.
സപ്തംബറില്‍ പിച്ച് കുറേ കൂടി ബൗണ്‍സും വേഗതയും ലഭിച്ചേക്കാം എന്ന സൂചനയുണ്ട്. എങ്കിലും ഒരു സ്പിന്നറെ കൂടുതലായി ഇറക്കാനാണ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം. അതിനായാണ് വരുണ്‍ ചക്രവര്‍ത്തിയെയും കുല്‍ദീപ് യാദവിനെയും പരിഗണിക്കുക. കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലന സെഷനുകളില്‍ ഭാരതത്തിന്റെ മുഴുവന്‍ ടീമും നെറ്റ്സിലേക്കിറങ്ങിയിരുന്നു.
ടീം ഭാരതം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്
യുഎഇ: മുഹമ്മദ് വസീം(ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, ആര്യാന്‍ഷ് ശര്‍മ, ആസിഫ് ഖാന്‍, ധ്രുവ് പരശാര്‍, എഥാന്‍ ഡിസൂസ, ഹൈദര്‍ അലി, ഹര്‍ഷിത് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുല്ലാഹ് ഖാന്‍, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് ജാവദുല്ലാഹ്, മുഹമ്മദ് സുഹെയ്ബ്, രാഹുല്‍ ചോപ്ര, രോഹിദ് ഖാന്‍, സിംറന്‍ജീത്ത് സിങ്, സാഘിര്‍ ഖാന്‍.









