
ന്യൂദൽഹി: ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരം മാത്രമാണെന്നും അത് നടക്കട്ടെയെന്നും സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ് ണോയ് എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി.
ഇക്കാര്യത്തിൽ എന്താണ് ഇത്ര തിരക്കെന്നും അത് വെറും മത്സരം മാത്രമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഞായ റാഴ്ചയാണ് മത്സരം നടക്കുന്നത്. അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തു ചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടേയെന്ന് വ്യക്തമാക്കി.
ഇന്ത്യൻ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരം ദേശീയ താൽപര്യത്തിന് വിരുദ്ധമായ സന്ദേശം നൽകുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി നാല് നിയമവിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചത്. ഈ ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കരുതെന്ന് ചില സംഘടനകളും ആവശ്യപ്പെട്ടിരുന്നു.









