
ദുബായി: വനിതകളുടെ ലോകകപ്പ് ക്രിക്കറ്റ് സമ്പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പത്ത് അംപയര്‍മാരെയും നാല് മാച്ച് റെഫറിമാരെയും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചുമതലപ്പെടുത്തി.
ഇത് വലിയൊരു നാഴികകല്ലായി കണക്കാക്കുന്നു. വനിതാ ക്രിക്കറ്റിനെ വളര്‍ത്തുകയെന്ന ഐസിസിയുടെ പ്രഖ്യാപിത നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് ഐസിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഐസിസി ഇന്നലെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നടത്തിപ്പിന്റെ ഔദ്യോഗിക പാനല്‍ സമ്പൂര്‍ണമായും വനിതകള്‍ നിയോഗിക്കപ്പെടുന്നത്. ഒടുവില്‍ നടന്ന രണ്ട് വനിതാ ട്വന്റി20 ലോകകപ്പുകളും 2022ലെ ബിര്‍മിങ്ങാം കോമണ്‍ വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ മത്സരങ്ങളും ഇത്തരത്തില്‍ സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിച്ചിരുന്നു. വളരെ പരിചയ സമ്പന്നരായ അംപയര്‍മാരെയാണ് വമ്പന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ക്ലെയര്‍ പോളോസാക്, ജാക്യുലിന്‍ വില്ല്യംസ് തുടങ്ങിയവര്‍ പാനലില്‍ ഉള്‍പ്പെടുന്നു.









