
ന്യൂദല്‍ഹി: 1936 മുതല്‍ 1992 വരെ ജീവിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ ചെസ് പ്രതിഭയാണ് മിഖായേല്‍ ടാള്‍. 1960ല്‍ ലോകചാമ്പ്യനാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മിഖായേല്‍ ടാള്‍. കാരണം അപ്രതീക്ഷിത ആക്രമണത്തില്‍ പൊടുന്നനെ എതിരാളിയെ വീഴ്‌ത്തി വിജയം കൊയ്യുന്ന അപാരമായ മാന്ത്രികതയായിരുന്നു മിഖായേല്‍ ടാളിന്‍റേത്. മിഷ എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്‌ക്കു കടന്നു വന്നത്. ഇദ്ദേഹത്തെ ‘റിഗയിലെ മാന്ത്രികന്‍’ എന്നാണ് ചെസില്‍ വിശേഷിപ്പിച്ചിരുന്നത്. മിഖായേല്‍ ജനിച്ച ലാത് വിയയുടെ തലസ്ഥാനമാണ് റിഗ.
ടാളിനെ ഒരു സർഗ്ഗാത്മക പ്രതിഭയായി കണക്കാക്കപ്പെടുന്നു, കൂടാതെ ചെസ്സ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ആക്രമണാത്മകവും ധീരവുമായ കോമ്പിനേറ്റോറിയൽ ശൈലിയിലാണ് ടാള്‍ കളിച്ചത്.
മിഖായേല്‍ ടാളിന്റെ അതേ തന്ത്രപരമായ കേളീശൈലിപിന്തുടരുന്ന താരമാണ് നിഹാല്‍ പി സരിന്‍. ഇത് നിഹാല്‍ പി സരിനെ വ്യത്യസ്തനാക്കുന്നു. കരുക്കളെ ബലികൊടുത്ത് നടത്തുന്ന ആക്രമണങ്ങള്‍ മിഖായേല്‍ താളിന്റെ സവിശേഷതയായിരുന്നു. മിഖായേല്‍ ടാളിന്റെ ഈ ശൈലിക്ക് സമാനമായിരുന്നു നിഹാല്‍ പി സരിന്‍ ആറാം റൗണ്ടില്‍ സൈമണ്‍ ഗുലുമാഴ്സിനെതിരെ നേടിയ വിജയം. പോളണ്ടിന്റെ മൂന്നാം നമ്പര്‍ താരമായിരുന്നു സൈമണ്‍ ഗുലുമാഴ്സ്. ഗ്രാന്‍റ് സ്വിസ് 2025ല്‍ വെറും 22 നീക്കങ്ങളിലാണ് സൈമണ്‍ ഗുമുലാഴ്സിനെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച നിഹാല്‍ പി സരിന്‍ കീഴടക്കിയത്. ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് സ്റ്റെയിനിറ്റ്സ് വേരിയേഷന്‍ ആണ് കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച നിഹാല്‍ പി സരിന്‍ സ്വീകരിച്ചത്. മിഖായേല്‍ ടാളിന്റെ പ്രത്യേകതയായ ബലികൊടുക്കലും കടുത്ത ആക്രമണങ്ങളും ഈ കളിയില്‍ ഉടനീളം ദൃശ്യമായി. .
ഏഴാം റൗണ്ടില്‍ നിഹാല്‍ പി സരിന്‍ കീഴടക്കിയത് ഇറാന്റെ പര്‍ഹാം മഗ്സൂദലുവിനെ ആണ്. ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റോടെ തോല്‍വി അറിയാതെ മുന്നേറിയിരുന്ന പര്‍ഹാം മഗ്സൂദലുവിനെ അസാധാരണമായ ആക്രമണത്തിലൂടെ കീഴടക്കുകയായിരുന്നു നിഹാല്‍ പി സരിന്‍. ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ നേരം പര്‍ഹാം മഗ്സൂദലുവിന് ചിന്തിക്കേണ്ടിവന്നു. ഇത് അദ്ദേഹത്തെ സമയസമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് സ്ലാവ് എന്ന ഓപ്പണിംഗില്‍ ട്രിഫുനോവിക് വേരിയേഷനിലാണ് ഇരുവരും കളിച്ചത്.
ഇനി ഏതാനും റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഇപ്പോള്‍ നിഹാല്‍ പി സരിന്‍ അഞ്ചര പോയിന്‍റോടെ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. പ്രജ്ഞാനന്ദയ്‌ക്കും അര്‍ജുന്‍ എരിഗെയ്സിക്കും ഗുകേഷിനും മുന്നേറാന്‍ കഴിയാതിരിക്കെയാണ് നിഹാല്‍ പി സരിന്‍ ഒന്നാമതെത്തിയിരിക്കുന്നത്. നിഹാല്‍ പി സരിന് ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീട സാധ്യത പ്രവചിക്കപ്പെടുന്നു.
22നീക്കങ്ങളില്‍ സൈമണ്‍ ഗുലുമാഴ്സിനെ തകര്‍ത്ത നിഹാല്‍ പി സരിന്റെ ആക്രമണം:
പര്‍ഹാം മഗ്സൂദലുവിനെ തോല്‍പിച്ച നിഹാല്‍ പി സരിന്റെ ആക്രമണ ശൈലി കാണാം:









