
ദുബായി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ലോകം കാത്തിരിക്കുന്ന പോരാട്ടം. ലോക ക്രിക്കറ്റ് എന്നും ഏതൊരു ഫൈനലിനെക്കാളും ആവേശപൂര്‍വ്വം എറ്റെടുത്ത ചരിത്രമുള്ള ഭാരത-പാകിസ്ഥാന്‍ പോരാട്ടം നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് എയിലെ ബദ്ധവൈരികളുടെ ഏറ്റുമുട്ടല്‍ രാത്രി എട്ടിനാണ്.
സൂര്യകുമാര്‍ യാദവിന് കീഴില്‍ ഭാരത നിര ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാനെ നയിക്കുന്നത് സല്‍മാന്‍ അലി ആഘാ ആണ്.
പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം പാകിസ്ഥാനെ നേരിട്ടപ്പോള്‍ വിജയം കൊയ്ത ചരിത്രം ആവര്‍ത്തിക്കാനാണ് സൂര്യയും സംഘവും ഇറങ്ങുന്നത്. പാകിസ്ഥാന് പുതിയ നേതൃത്വത്തിന് കീഴില്‍ മെച്ചപ്പെട്ട് വരാനുള്ള ശ്രമത്തിലാണ്. ഭാരതത്തെ പോലൊരു ടീമിനെതിരായ മത്സരം അവരുടെ കരുത്ത് പരിശോധിക്കാനുള്ള അവസരം കൂടിയാണ്. ആദ്യ മത്സരത്തില്‍ ഒമാനെ 93 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് പാക് പട ദുബായിലിറങ്ങുന്നത്.
ട്വന്റി20 ലോക ജേതാക്കള്‍ എന്ന ഖ്യാതിയുമായാണ് ഭാരതം യുഎഇയിലേക്ക് ഏഷ്യാകപ്പില്‍ പൊരുതാന്‍ വണ്ടികയറിയെത്തിയിരിക്കുന്നത്. കൂടാതെ ഇക്കൊല്ലം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരുന്നു. നേട്ടങ്ങളുടെ കണക്ക് എത്ര ഉണ്ടേലും പാകിസ്ഥാനെതിരായ മത്സരം ജയിക്കുകയെന്നത് ഭാരത ടീമിനും ആരാധകര്‍ക്കും ഒരുപോലെ ആവേശം പകരുന്ന വസ്തുതയാണ്.
ആതിഥേയരായ യുഎഇയെ ഒമ്പത് വിക്കറ്റിന് നിഷ്പ്രഭരാക്കിയാണ് ഭാരതം തുടങ്ങിയത്. ആദ്യ മത്സരത്തിലെ എതിരാളികളെക്കാള്‍ മെച്ചപ്പെട്ട ടീം ആണ് പാകിസ്ഥാന്‍. അതിനാല്‍ ഭാരതത്തിന്റെ ബാറ്റിങ് ലൈനപ്പും ബൗളര്‍മാരും കൃത്യായി പരീക്ഷിക്കപ്പെടുന്ന ദിവസം കൂടിയായിരിക്കും ഇന്ന്.
ഏഷ്യാകപ്പില്‍ നേര്‍ക്കുനേര്‍
പാകിസ്ഥാനുമായി ഭാരതം ഏഷ്യാകപ്പില്‍ ആകെ 19 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലും വിജയം ഭാരതം നേടി. ആറെണ്ണത്തില്‍ പാകിസ്ഥാന്‍. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ പോയി.
ഭാരത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
പാകിസ്ഥാന്‍ ഇലവന്‍: സഹീബ്‌സാദാ ഫര്‍ഹാന്‍, സയിം അയൂബ്, ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘാ(ക്യാപ്റ്റന്‍), ഹസാന്‍ നവാസ്, മുഹമ്മദ് ഹാരീസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബര്‍ അഹമ്മദ്.









