സമര്‍ഖണ്ഡ് : കിരീടപ്രതീക്ഷയോടെ എട്ടാം റൗണ്ട് വരെ മുന്നില്‍ നിന്നിരുന്ന ഇന്ത്യയുടെ നിഹാല്‍ സരിന്‍ ഒമ്പതാം റൗണ്ടിലെ തോല്‍വിയോടെ പിന്നിലേക്ക് പോയെങ്കിലും ഒടുവില്‍ രണ്ട് സമനില കൈവരിച്ച് ഏഴ് പോയിന്‍റോടെ ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയും ഏഴ് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തെത്തി.
പക്ഷെ മൂന്നാം സ്ഥാനക്കാരന്‍ മാത്രമായതോടെ അര്‍ജുന്‍ എരിഗെയ്സിക്ക് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാനുള്ള യോഗ്യത നഷ്ടമായി. ഇപ്പോഴത്തെ ലോകചാമ്പ്യനായ ഗുകേഷിനെ 2026ല്‍ ലോകകിരീടത്തിനായി ചോദ്യം ചെയ്യേണ്ട കളിക്കാരനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്. ഈ ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സ്ഥാനക്കാരനായി പിന്തള്ളപ്പെട്ടെങ്കിലും 2025ല്‍ ഇതുവരെ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രജ്ഞാനന്ദ മാത്രമാണ് ഇന്ത്യയില്‍ പുരുഷവിഭാഗത്തില്‍ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.
ഡച്ച് താരം അനീഷ് ഗിരിയാണ് എട്ട് പോയിന്‍റുകള്‍ നേടി ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനായത്. 11ാം റൗണ്ടില്‍ യുഎസ് താരം ഹാന്‍സ് നീമാനെ തോല്‍പിച്ചതോെയാണ് അനീഷ് ഗിരി ചാമ്പ്യനായത്. ഇദ്ദേഹത്തിന് 79 ലക്ഷം പ്രൈസ് മണിയായി ലഭിക്കും.
ഈ ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പേര്‍ ഏഴര പോയിന്‍റ് വീതം നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ജര്‍മ്മന്‍ താരങ്ങളായ മതിയാസ് ബ്ല്യൂബോം, വിന്‍സെന്‍റ് കെയ്‌മര്‍, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ എന്നിവരായിരുന്നു രണ്ടാം സ്ഥാനം. ഇവര്‍ തമ്മില്‍ നടന്ന ടൈബ്രേക്കര്‍ മത്സരത്തില്‍ ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോം മറ്റ് രണ്ട് പേരെയും തോല്‍പിച്ചു.
ഇന്ത്യയുടെ പി. ഹരികൃഷ്ണ, വി. പ്രണവ് എന്നിവര്‍ ആറര പോയിന്‍റോടെ നാലാം സ്ഥാനത്തെത്തി. എന്നാല്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ആറ് പോയിന്‍റ് മാത്രമേ ലഭിച്ചുള്ളൂ. ഓപ്പണ്‍ വിഭാഗത്തില്‍ പുരുഷതാരങ്ങള്‍ക്കൊപ്പം പങ്കെടുത്ത ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് നാലര പോയിന്‍റ് നേടി.