ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന ആവശ്യം ഐസിസി അംഗീകരിച്ചില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാന്‍ ഒടുവില്‍ മുട്ടുമടക്കി.മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന് ഐസിസി കര്‍ശന നിലപാടെടുത്തതോടെ പാകിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണി ഉപേക്ഷിച്ച് നാണംകെട്ട് കളിക്കളത്തിലിറങ്ങി.
മത്സരം നിശ്ചിത സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകി ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിയോടെയാണ് തുടങ്ങിയത്. യുഎഇക്കെതിരെ ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് അഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി.
നേരത്തെ പൈക്രോഫ്റ്റിനെ മാറ്റാന്‍ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയത്. പി സി ബിയുടെ രണ്ടാമത്തെ മെയിലും ഐ സി സി തള്ളിയതോടെയാണ് യുഎഇയ്‌ക്ക് എതിരായ മത്സരം ഉപേക്ഷിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ചര്‍ച്ചയില്‍ പാകിസ്ഥാന് വഴങ്ങേണ്ടി വന്നു.
എന്നാല്‍ ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം ഐ സ് സി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് ക്യാപ്റ്റന് കൈകൊടുക്കാന്‍ ഇന്ത്യന്‍ നായകന്‍ സൂര്യ കുമാര്‍ യാദവ് തയാറായില്ല. ഇതിന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പിന്തുണ നല്‍കിയെന്നാണ് പാകിസ്ഥാന്റെ ആരോപണം.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ , പാകിസ്ഥാനെതിരെ കളിക്കരുതെന്ന് നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു.കോടതിയിലും കേസെത്തിയിരുന്നു.