
ദുബായ്: ഏഷ്യാകപ്പ് സൂപ്പർ–4 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്, പവർപ്ലേയിൽ 55 റൺസ് നേടി മികച്ച തുടക്കം കുറിച്ചു. ഓപ്പണർ സഹിബ്സദ ഫർഹാൻ (45 പന്തിൽ 58) അർധസെഞ്ചുറിയുമായി ഇന്നിംഗ്സിന്റെ കരുത്താകുമ്പോൾ, അവസാനം ഓവറുകളിൽ ഫഹീം അഷറഫ് (8 പന്തിൽ 20*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് സ്കോർ പൊരുതാവുന്നതാക്കി.
മുഹമ്മദ് നവാസ് (19 പന്തിൽ 21), സയിം അയൂബ് (17 പന്തിൽ 21), ക്യാപ്റ്റൻ ആഗ സൽമാൻ (13 പന്തിൽ 17) എന്നിവർ ചെറുതെങ്കിലും നിർണായക സംഭാവന നൽകി.
ഇന്ത്യൻ ഫീൽഡിങ്ങിൽ അഞ്ച് ക്യാച്ചുകൾ നഷ്ടപ്പെട്ടത് പാകിസ്ഥാനെ കൂടുതൽ റൺസ് നേടാൻ സഹായിച്ചു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഫഖർ സമാൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൈകളിൽ വീണപ്പോൾ, തേർഡ് അംപയർ പരിശോധനയ്‌ക്ക് ശേഷമാണ് ഔട്ട് സ്ഥിരീകരിച്ചത്. എന്നാൽ, സഹിബ്സദ ഫർഹാനെ പുറത്താക്കാനുള്ള അവസരങ്ങൾ അഭിഷേക് ശർമയും കുൽദീപ് യാദവും പാഴാക്കി.
ശിവം ദുബെ (2 വിക്കറ്റ്), കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി.
ജയിക്കാൻ ഇന്ത്യയ്‌ക്ക് വേണ്ടത് 172 റൺസ്.









