
ദുബായ് ∙ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലും ഇന്ത്യ–പാക്കിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ഒഴിവാക്കി. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും തമ്മിൽ മുഖാമുഖം വന്നെങ്കിലും കൈകൊടുക്കാതെ തന്നെ മാറിനിന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന പോരാട്ടത്തിലും ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളുമായി ഹസ്തദാനം നടത്താത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ കഴിഞ്ഞ മത്സരത്തിനു ശേഷമുണ്ടായ സമ്മാനദാന ചടങ്ങും ബഹിഷ്കരിച്ചിരുന്നു.
ടോസ് വിജയിച്ച സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും തിരിച്ചെത്തി. അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും പുറത്തിരിക്കും.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പലതവണ ഐസിസിയോട് പരാതി നൽകിയിട്ടും, മുൻ മത്സരവും നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെ സൂപ്പർ ഫോർ മത്സരത്തിലും തുടർന്നു. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന ഭീഷണിയും പിസിബി മുഴക്കിയിരുന്നു.
മത്സരത്തിലെ പ്രധാന സംഭവങ്ങൾ
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് കൈയിൽ പതിച്ച് സഹിബ്സദ ഫർഹാനു പരുക്ക്; മത്സരം കുറച്ചുനേരം നിർത്തിവെച്ചു.
മൂന്നാം ഓവറിൽ ഫഖർ സമാൻ സഞ്ജു സാംസണിന്റെ ക്യാച്ചിൽ പുറത്തായി. തീരുമാനം തേർഡ് അംപയർ സ്ഥിരീകരിച്ചു.
വരുൺ ചക്രവർത്തിയുടെ ഓവറിൽ സയിം അയൂബിനെ പുറത്താക്കാനുള്ള അവസരം കുൽദീപ് യാദവ് കൈവിട്ടു.
എട്ടാം ഓവറിൽ ഫർഹാനെ പുറത്താക്കാൻ അഭിഷേക് ശർമയ്‌ക്കും കഴിഞ്ഞില്ല; പന്ത് കൈവിട്ടത് സിക്സറായി മാറി.
പവർപ്ലേ ഓവറുകളിൽ പാക്കിസ്ഥാൻ 55 റൺസ് നേടി മുന്നേറി.
ടീമുകൾ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
പാക്കിസ്ഥാൻ: സയിം അയൂബ്, സഹിബ്സദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, ഹുസെയ്ൻ തലാത്ത്, അബ്രാർ അഹമ്മദ്.









