
ദുബായ്: ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ട്, സൂപ്പർ ലീഗ് കേരള (SLK) സീസൺ 2 വിന്റെ കർട്ടൻ റൈസർ പരിപാടി ദുബായിൽ നടന്നു. അൽ നഹ്ദയിലെ അൽ അഹ്ലി സ്പോർട്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിക്ക് ‘കിക്ക് ഓഫ് ടു ഗ്ലോറി’ എന്ന് പേരിട്ടിരുന്നു. ഈ ചടങ്ങിൽ, ടൂർണമെന്റിന്റെ ഔദ്യോഗിക മാച്ച് ബോൾ ‘സാഹോ’ പ്രകാശനം ചെയ്യുകയും, സൂപ്പർ ലീഗ് കേരള കിരീടം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.
സിനിമാ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരുൾപ്പെടെ, ലീഗിലെ വിവിധ ക്ലബ്ബുകളുടെ ഉടമകളും ഫ്രാഞ്ചൈസി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. യുവ പ്രതിഭകളെ കണ്ടെത്തി, അവർക്ക് ഉയർന്ന നിലവാരമുള്ള ഒരു പ്രൊഫഷണൽ വേദി നൽകുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യമെന്ന് SLK മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
ALSO READ: എക്സൈസ് സാധനങ്ങളുടെ വിൽപ്പനയ്ക്ക് ഡിജിറ്റൽ ടാക്സ് ഏർപ്പെടുത്താനൊരുങ്ങി ഒമാൻ
ഈ ടൂർണമെന്റ് കേരളത്തിൽ ഒതുങ്ങാതെ ആഗോള തലത്തിലേക്ക് വളർത്താൻ ശ്രമിക്കുമെന്ന് SLK ഡയറക്ടർ മാത്യു ജോസഫ് വ്യക്തമാക്കി. ഒപ്പം, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ഈ ലീഗ് കേരളത്തിലെ ആയിരക്കണക്കിന് യുവ ഫുട്ബോൾ താരങ്ങളുടെ പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുമെന്ന് അഭിപ്രായപ്പെട്ടു.
ഫിഫ അംഗീകാരമുള്ളതും ലോകോത്തര നിലവാരത്തിൽ രൂപകൽപ്പന ചെയ്തതുമായ ഫുട്ബോളാണ് ‘സാഹോ’. സ്പോർട്സ് ഡോട്ട് കോം (sports.com) ആണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളി. എൻ.എ. ഹാരിസ്, ഡോ. ഷംഷീർ വയലിൽ, വേണു രാജാമണി, ഹാരിസ് ബീരാൻ, ചാരു ശർമ്മ തുടങ്ങിയ പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.
The post സൂപ്പർ ലീഗ് കേരള സീസൺ 2 വിന്റെ ‘കർട്ടൻ റൈസർ’ ദുബായിൽ നടന്നു appeared first on Express Kerala.









