
ദുബായ് : ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇതുവരെ പാകിസ്ഥാൻ ടീം വാർത്തകളിൽ നിറഞ്ഞു നിന്നത് കളിയെക്കാൾ കൂടുതൽ കളിക്കളത്തിലെ നാടകീയതയിലൂടെയാണ്. സെപ്റ്റംബർ 21 ന് ദുബായിൽ ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ രണ്ട് പാകിസ്ഥാൻ കളിക്കാരായ സാഹിബ്‌സാദ ഫർഹാനും ഹാരിസ് റൗഫും ഏറെ ലജ്ജാകരമായ പെരുമാറ്റത്തിൽ ഏർപ്പെട്ടതായി കാണാൻ കഴിഞ്ഞു. ഇതിനെത്തുടർന്ന് ബിസിസിഐ ഈ രണ്ട് കളിക്കാർക്കെതിരെയും കർശന നടപടിയെടുക്കുകയും ഐസിസിയിൽ ഔദ്യോഗിക പരാതി നൽകുകയും ചെയ്തു. ഐസിസിക്ക് ഇമെയിൽ അയച്ചുകൊണ്ടാണ് ബിസിസിഐ പരാതി നൽകിയത്.
സെപ്റ്റംബർ 21 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് ഇന്ത്യൻ കളിക്കാരെ നിരന്തരം പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ ആരാധകർ “കോഹ്‌ലി-കോഹ്‌ലി” എന്ന് ആർപ്പുവിളിക്കാൻ തുടങ്ങിയപ്പോൾ റൗഫ് ഒരു വിമാനം വെടിവയ്‌ക്കാൻ ആംഗ്യം കാണിച്ചു. അദ്ദേഹത്തിന്റെ ഈ മ്ലേച്ഛമായ പ്രവൃത്തി മുഴുവൻ ക്രിക്കറ്റ് ലോകവും കണ്ടു.
ഇതിനു പുറമെ ഈ മത്സരത്തിൽ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ സാഹിബ്‌സാദ ഫർഹാൻ തോക്ക് ആംഗ്യം കാണിച്ച് തന്റെ അർദ്ധസെഞ്ച്വറി ആഘോഷിച്ചു. ഇതിനെ ന്യായീകരിച്ച് ഫർഹാൻ പ്രസ്താവനയിറക്കുകയും ചെയ്തു.
“സാധാരണയായി 50 റൺസ് നേടിയതിന് ശേഷം ഞാൻ അധികം ആഘോഷിക്കാറില്ല, പക്ഷേ പെട്ടെന്ന് ഇന്ന് ആഘോഷിക്കാം എന്ന് എന്റെ മനസ്സിൽ വന്നു. ആളുകൾ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അത് പ്രശ്നമല്ല.” – വാർത്താ ഏജൻസിയായ പിടിഐ പ്രകാരം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഫർഹാൻ പറഞ്ഞു.
അതേ സമയം ബിസിസിഐയുടെ പരാതിയെത്തുടർന്ന് ഹാരിസ് റൗഫും സഹിബ്‌സാദ ഫർഹാനും ആരോപണങ്ങൾ രേഖാമൂലം നിഷേധിച്ചാൽ ഐസിസി എലൈറ്റ് പാനൽ റഫറി റിച്ചി റിച്ചാർഡ്‌സണിന്റെ മുമ്പാകെ ഒരു വാദം കേൾക്കലിനായി ഹാജരാകേണ്ടി വന്നേക്കാം. നിയമങ്ങൾക്കനുസൃതമായി അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ അവർക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാം.









