
ന്യൂഡൽഹി: വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിലായിരുന്ന ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾ ഉയർന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ആഗ്രയിൽവെച്ചാണ് പോലീസ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. പാർത്ഥസാരഥി എന്നും അറിയപ്പെടുന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹം അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നുമാണ് പ്രധാന ആരോപണം.
പെൺകുട്ടികളെ രാത്രി വൈകിയും തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി എഫ്ഐആറിൽ പറയുന്നു. വനിതാ ഹോസ്റ്റലിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചതായും ആരോപണങ്ങളുണ്ട്. നിലവിലെ കേസിൽ പരാതിക്കാരായ വിദ്യാർത്ഥിനികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന വോൾവോ കാർ പോലീസ് പിടിച്ചെടുത്തു. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ചൈതന്യാനന്ദയെ ആശ്രമത്തിന്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നു.
മുൻപും ഇയാൾക്കെതിരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2016-ൽ മറ്റൊരു സ്ത്രീയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
The post ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ appeared first on Express Kerala.









