
ഗുണ്ടൂര്‍ (ആന്ധ്ര): 62ാം ദേശീയ ചെസ്സില്‍ ഏഴാം റൗണ്ട് പിന്നിട്ടപ്പോള്‍ അജയ് പര്‍വ്വത റെഡ്ഡിയും അഭിജീത് ഗുപ്തയും ശശികിരണിനും ആരോണ്യക് ഘോഷിനും ഒപ്പം ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.
ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ഏഴ് പേര്‍ ആറ് പോയിന്‍റ് വീതം ഒന്നാം സ്ഥാനത്തുണ്ട്. ശശി കിരണ്‍ കൃഷ്ണന്‍, ആരോണ്യക് ഘോഷ്, പര്‍വ്വത റെഡ്ഡി അജയ് സന്തോഷ്, ആയുഷ് ശര്‍മ്മ, അഭിജീത് ഗുപ്ത, ദീപ് സെന്‍ഗുപ്ത, സുരേഷ് ഹര്‍ഷ് എന്നിവരാണ് മുന്നില്‍.
ഏഴാം റൗണ്ടില്‍ ദീപ് സെന്‍ഗുപ്ത ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ സിദ്ധാന്ത് മഹാപാത്രയെ തോല്‍പിച്ചു. ഡബിള്‍ റൂക്ക്, നൈറ്റ് എന്‍ഡ് ഗെയിമില്‍ ദീപ് സെന്‍ഗുപ്തയ്‌ക്ക് സഹായകമായത് കരുത്തുള്ള ഒരു കാലാളാണ്. ആയുഷ് ശര്‍മ്മ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ മനീഷ് ആന്‍റോ ക്രിസ്റ്റ്യാനോയെ തോല്‍പിച്ചു. കുതിരയെ (നൈറ്റ്) ബലികഴിച്ചാണ് ആയുഷ് ശര്‍മ്മ വിജയം കൊയ്തത്.
സുരേഷ് ഹര്‍ഷ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ശുഭ്യാന്‍ കുണ്ടുവിനെ തോല്‍പിച്ചു. റൂക്കും ഏതാനും കാലാളുകളും ചേര്‍ന്നുള്ള എന്‍ഡ് ഗെയിമിലാണ് സുരേഷ് ഹര്‍ഷ് വിജയിച്ചത്. ആറാം റൗണ്ട് വരെ മുന്‍പില്‍ നിന്നിരുന്ന സുര്യ ശേഖര്‍ ഗാംഗുലി ഏഴാം റൗണ്ടില്‍ ജെയിന്‍ കാഷിഷ് മനോജുമായി സമനില പാലിച്ചതോടെ അഞ്ചര പോയിന്‍റോടെ പിന്നിലായി.
ഇന്യനും ഗൗതം കൃഷ്ണയും തമ്മിലുള്ള ഏഴാം റൗണ്ട് പോരാട്ടവും സമനിലയിലായതോടെ അഞ്ചര പോയിന്‍റ് വീതം ഇവരും പിന്നിലായി.









