
ദുബായി: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് ഫൈനല്‍. കിരീടം നിലനിര്‍ത്താന്‍ ഭാരതത്തിന് ഇന്ന് പാകിസ്ഥാനെ കീഴടക്കണം. ലീഗ് റൗണ്ടിലും സൂപ്പര്‍ ഫോറിലും ഭാരതത്തിനോട് പരാജയപ്പെട്ട ശേഷമാണ് പാക് പട ഇന്ന് കലാശത്തിനൊരുങ്ങുന്നത്. രാത്രി എട്ടിന് ദുബായി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യമായാണ് ഭാരതവും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 1980 മുതല്‍ ഇതുവരെ 16 ഏഷ്യാകപ്പ് നിര്‍ണയിക്കപ്പെട്ടതില്‍ ഒന്നില്‍ പോലും ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനും ഭാരതവും നേര്‍ക്കുനേര്‍ വന്നിട്ടില്ല. ഭാരതം ഏഴ് തവണയും പാകിസ്ഥാന്‍ ഏഴ് തവണയും കിരീടം നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ശ്രീലങ്കയില്‍ നടന്ന 2023 ഏഷ്യാ കപ്പിലാണ് ഭാരതം ജേതാക്കളായത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന അന്നത്തെ ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഫൈനലില്‍ പത്ത് വിക്കറ്റിനായിരുന്നു ഭാരത വിജയം.
ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഭാരതം ഫൈനലിലെത്തിയിരിക്കുന്നത്. ലീഗ് റൗണ്ടിലും സൂപ്പര്‍ ഫോറിലും മൂന്ന് വിതം മത്സരങ്ങള്‍ ജയിച്ചു. രണ്ടിലും ഓരോ തവണ പാകിസ്ഥാനെ തോല്‍പ്പിച്ചു. പാകിസ്ഥാന്‍ രണ്ട് ഘട്ടങ്ങളിലും ഭാരത്തിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്.
ഫൈനലിനൊരുങ്ങുന്ന ഭാരത ടീമില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ ഇന്ന് തിരിച്ചെത്തും.









