
മ്യൂണിക്: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി വേഗത്തില്‍ 100 ഗോളുകള്‍ തികയ്‌ക്കുന്ന താരമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍. ജര്‍മന്‍ ബുന്ദെസ് ലിഗ ടീം ബയേണ്‍ മ്യൂണിക്കിന് വേണ്ടി 100 ഗോളുകള്‍ തികച്ചു. ടീമിന് വേണ്ടിയുള്ള 104-ാം മത്സരത്തിലാണ് ഹാരി കെയ്‌ന്റെ നേട്ടം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും സിറ്റി താരം എര്‍ലിങ് ഹാളണ്ടിന്റെയും റിക്കാര്‍ഡ് ആണ് ഹാരി കെയ്ന്‍ ഭേദിച്ചത്. റയല്‍ മാഡ്രിഡിന് വേണ്ടി റൊണാള്‍ഡോ 105-ാം മത്സരത്തില്‍ 100 ഗോള്‍ നേടി. സിറ്റിക്ക് വേണ്ടി ഹാളണ്ടും 105-ാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
2023ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് ഹാരി കെയ്ന്‍ ബയേണിലെത്തുന്നത്. താരസമ്പന്നമായ ഇംഗ്ലണ്ട് ഫുട്‌ബോളിലെ മുന്‍നിരയിലെ മൂല്യമേറിയ താരമാണ് കെയ്ന്‍.
ഇന്നലെ പുലര്‍ച്ചെ ബുന്ദെസ് ലിഗയില്‍ വെര്‍ഡറിനെതിരായ പോരാട്ടത്തിലാണ് ഹാരി കെയ്‌ന്റെ റിക്കാര്‍ഡ് പ്രകടനം. മത്സരത്തില്‍ വെര്‍ഡറിനെ ബയേണ്‍ 4-0ന് തകര്‍ത്തു. രണ്ട് പകുതികളിലും രണ്ട് വീതം ഗോളുകള്‍ നേടി ആധിപത്യം പുലര്‍ത്തി. 22-ാം മിനിറ്റില്‍ ജോനാതന്‍ ടാഹ് ആദ്യ ഗോള്‍ നേടി. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ തികച്ചു. ഇതോടെ ബയേണ്‍ 3-0ന് മുന്നിലായി. ഒടുവില്‍ 87-ാം മിനിറ്റില്‍ കൊണ്‍റാഡ് ലായിമെറും ഗോള്‍ നേടി.









