
കോഴിക്കോട്: ജെഡിടി ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ യൂത്ത് കിരീടം ആലപ്പുഴ എസ്ഡിവി ടിടി അക്കാദമിയിലെ ഗൗരി നിരഞ്ജന സ്വന്തമാക്കി. ചാംപ്സ് ടിടി അക്കാദമിയുടെ ഗൗരി ശങ്കര്‍ ആണ്‍കുട്ടികളുടെ യൂത്ത് കിരീടവും നേടി.
ടേബിള്‍ ടെന്നീസ് അക്കാദമി കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇന്‍ഡോര്‍ ടിടി ഹാളില്‍ സംഘടിപ്പിച്ച ആറാമത് ജെഡിടി ഓള്‍ കേരള ഓപ്പണ്‍ സമാപന ദിവസമായ ഇന്നലെ പെണ്‍കുട്ടികളുടെ യൂത്ത് ഫൈനലില്‍ ഗൗരി നിരഞ്ജന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് ടിടി അക്കാദമിയുടെ ഹെലന്‍ നിജോയെ (3-2) പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ യൂത്ത് പോരാട്ടത്തില്‍ ഗൗരി ശങ്കര്‍ ആലപ്പുഴ യുടിടി- വൈഎംസിഎ ടിടി അക്കാദമിയിലെ രോഹന്‍ ജോസിനെ (3-1)യാണ് പരാജയപ്പെടുത്തിയത്.
അണ്ടര്‍ 17 ജൂനിയര്‍ ഡിവിഷനില്‍ ആലപ്പുഴ യുടിടി-വൈഎംസിഎ ടിടി അക്കാദമിയിലെ ബ്ലേസ് പി അലക്സ് തിരുവന്തപുരം റീജിയണല്‍ കോച്ചിംഗ് സെന്ററിലെ ദേവപ്രയാഗ സരിക ശ്രീജിത്തിനെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ആണ്‍കുട്ടികളുടെ കിരീടം കരസ്ഥമാക്കിയപ്പോള്‍ ഇരിഞാലകുട ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുരിയന്‍ ക്രിസ്തുരാജ്, കൊല്ലം ടിടി അക്കാദമിയിലെ എഡ്വിന എഡ്വേര്‍ഡിനെ (3-1) തോല്‍പ്പിച്ച് ജൂനിയര്‍ വിഭാഗത്തില്‍ കിരീടം ചൂടി.
വനിതാ വിഭാഗം ഡബിള്‍സില്‍ മരിയ സിസിലി ജോഷി (യുടിടി എവൈടിടിഎ)-എഡ്വിന എഡ്വേര്‍ഡ് (ക്രിസ്റ്റ് രാജ്, കൊല്ലം) ജോഡി ടിയ എസ് മുണ്ടന്‍കുര്യന്‍-ടിഷ എസ് മുണ്ടന്‍കുര്യന്‍ ക്രൈസ്റ്റ് അക്കദമി ഇരിഞ്ഞാലക്കുട ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ജേതാക്കളായി. പുരുഷ ഡബിള്‍സില്‍ ജെയ്‌ക്ക് ആന്‍സല്‍ ജോണ്‍-ജോസ് പവീന്‍ ക്രൈസ്റ്റ് അക്കാഡമി സഖ്യം യുടിടി ആലപ്പുഴ വൈഎംസിഎ അക്കാദമിയിലെ ബ്ലേസ് കെ അലക്‌സ്-റോഹന്‍ ജോസ് ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.









