
ഇടുക്കി: മൂന്നാറിൽ KSRTC ബസിൽ യാത്രക്കാരിയിൽ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്ന കണ്ടക്ടർക്ക് സസ്‌പെൻഷൻ. മൂന്നാറിലെ ഡബിൾ ഡെക്കർ ബസിലെ, ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയെയാണ് KSRTC സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ നടപടി.
Also Read: കെ.ബി. ഗണേഷ് കുമാറിൻ്റെ മിന്നൽ പരിശോധന; ജീവനക്കാർക്ക് ശകാരം
സെപ്റ്റംബർ 27-ന് സർവീസ് നടത്തവെ ഒരു യാത്രക്കാരിയിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ലെന്ന് വിജിലൻസ് കണ്ടെത്തുകയായിരുന്നു. റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് ബസിൽ വൈകുന്നേരം നാലുമണിയോടെ ഇൻസ്‌പെക്ടർമാർ ബസ് പരിശോധനയ്ക്കായി കയറിയപ്പോഴാണ് കണ്ടക്ടറുടെ കൃത്യവിലോപം കണ്ടെത്തിയത്. വ്യക്തിഗത ടിക്കറ്റ് പരിശോധനയിലാണ് വിജിലൻസ് യാത്രക്കാരിയിൽ നിന്നും യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയത്. കണ്ടക്ടറുടെ കയ്യിലെ ക്യാഷ് ബാഗ് പരിശോധിച്ചപ്പോൾ അതിൽ 821 രൂപ അധികമായി കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.
The post പണം വാങ്ങി, പക്ഷെ ടിക്കറ്റില്ല; പരിശോധനയിൽ ബാഗിൽ അധിക തുക; കണ്ടക്ടർക്ക് സസ്‌പെൻഷൻ appeared first on Express Kerala.









