അറേബ്യൻ റീജിയൻ ടെറിട്ടറിയിലെ സീറോ-മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ കൂട്ടായ്മയുടെ (SMART) സംഗമമായ ‘സുകൃതം 2025’ ബഹ്റൈനിൽ 2025 ഒക്ടോബർ 2, 3, 4 തീയ്യതികളിൽ വിവിധ പരിപാടികളോടെ വിപുലമായി നടക്കും.
നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി അഭിവന്ദ്യ ബിഷപ്പ് ആൽഡോ ബെറാർഡി പിതാവിൻ്റെയും, സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് അത്യഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും ശ്രേഷ്ഠ സാന്നിധ്യത്തിൽ അവാലി കത്തീഡ്രൽ ദൈവാലയത്തിലാണ് സംഗമം.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് സാർവ്വത്രിക കത്തോലിക്കാ സമൂഹം. ഇതിൽ മലങ്കര കത്തോലിക്കാ സമൂഹം സജീവവും അവിഭാജ്യവുമായ പങ്ക് വഹിച്ചു വരുന്നു.
ഈ സംഗമത്തിൽ ഏകദേശം 1,500 ഇടവകാംഗങ്ങളും, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 500-ൽ അധികം പ്രതിനിധികളും ഉൾപ്പെടെ, 2000-ത്തോളം മലങ്കര കത്തോലിക്കാ വിശ്വാസികൾ പങ്കെടുക്കും.
ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും, വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും, ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ചരിത്രപരമായ ചടങ്ങിൽ അതിഥികളായി പങ്കെടുക്കുന്നു.
ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 അഭിവന്ദ്യ പിതാക്കന്മാരുടെയും ബഹു. വൈദീകരുടെയും കാര്മീകത്ത്വത്തിൽ ആഘോഷമായ സമൂഹബലിയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെടുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ബഹു. വിനോദ് കെ ജേക്കബ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.
തദവസരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള മലങ്കര കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ അനുമോദിക്കുകയും ചെയ്യുന്നു.
‘സുകൃതം 2025’ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും മഹോത്സവമായിരിക്കും. ഈ മഹാസംഗമത്തിന്റെ ഭാഗമാകാൻ ഗൾഫ് മേഖലയിലെ എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും ഹൃദയം നിറഞ്ഞ് ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു









