പ്രാചീന സപ്താത്ഭുതങ്ങളിൽ താരതമ്യേന അവശേഷിക്കുന്ന ഒരു അത്ഭുത നിർമിതിയായ പിരമിഡുകൾ, വർഷങ്ങൾ മുമ്പ് ശവശരീരങ്ങളെ പ്രത്യേക രീതിയിൽ സംസ്‌കരിച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന മമ്മികൾ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും നീളമുള്ള നൈൽനദിയിലൂടെ ഒരു ക്രൂയിസ്, നൂറുകണക്കിന് വർഷങ്ങൾ മണ്ണിൽ മൂടികിടന്ന മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള സ്ഫിങ്ക്സ്…അങ്ങനെ ഒരുപാട് കാര്യങ്ങൾ കാണണമെന്ന് കരുതിയാണ് ഇത്തവണ ക്ലിയോപാട്രയുടെ ഈജിപ്തിലേക്കാവാം യാത്രയെന്ന് തീരുമാനിച്ചത്.
വിസക്ക് അപ്ലൈ ചെയ്തപ്പോൾ ഇളയമോൾക്കു വിസ പാസ്സായില്ല. ആറുമാസത്തെ പാസ്പോര്ട്ട് വാലിഡിറ്റി ഇല്ലെന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. പതിവ് പോലെ നല്ലൊരു ഓഫറിൽ എടുത്ത ടിക്കറ്റ് ആയതിനാൽ വിമാനടിക്കറ്റ് ക്യാൻസൽ ചെയ്യാൻ നിവർത്തിയില്ല. എല്ലാവർക്കും സങ്കടമായി. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഞാനും മൂത്ത മോളും കൂടി പോകാം ഇത്തവണ. കുറിച്ചൊരു റിസ്കുണ്ട്. ഒന്നും അറിയാത്തൊരു നാട്ടിലൂടെയാണ് യാത്ര. എന്നാലും വരുന്നിടത്തുവെച്ചു നോക്കാം എന്ന് വിചാരിച്ചു യാത്ര തുടങ്ങി.
രാത്രി ഒമ്പത് മണിയോടെ അലക്സാൻഡ്രിയയിലെ എയർപോർട്ടിൽ ലാൻഡ്‌ചെയ്തു. പതിവ് ചടങ്ങുകൾ എല്ലാം കഴിഞ് പുറത്തിറങ്ങുമ്പോൾ പത്തരയായി. ഇനി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്ക് പോണം. 280 കിലോമീറ്ററുണ്ട്. ഏതാണ്ട് നാലു മണിക്കൂർ എടുക്കും. ഭക്ഷണം കഴിച്ചിട്ടില്ല. എയർപോർട്ടിൽ കടകളൊക്കെ ഉണ്ടാവും എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. രാത്രി രണ്ടു മണിക്കെങ്കിലും കെയ്‌റോയിൽ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തുമായിരിക്കും. മോളെയും കൂട്ടി, പരസ്പരം ഭാഷ മനസിലാക്കാൻ പറ്റാത്ത ഡ്രൈവറുമായി മരുഭൂമിയിലെ റോഡിലൂടെ ടാക്സി യാത്ര തുടങ്ങി. രാവിലെ വാഹനങ്ങളുടെ ഹോൺ അടി ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്. ഞങ്ങളുടെ ഹോട്ടൽ, നഗരത്തിലെ മ്യൂസിയത്തിന് അടുത്തുള്ള തഹ്‌രീർ സ്‌ക്വയറിന്റെ സമീപത്താണ്. തലേദിവസം ഭക്ഷണം കഴിക്കാതിരുന്നതിനാൽ പ്രാതൽ നന്നായിട്ടു തട്ടി.
രാവിലെ പിരമിഡിലേക്കു പോകാനായി ഞങ്ങൾ ടൗണിലേക്ക് ഇറങ്ങി. എ.ഡി 969ൽ സ്ഥാപിതമായ കെയ്റോ നഗരം നൈൽ നദിയുടെ തീരത്താണ്. നഗര ഹൃദയത്തിൽ നിന്നും ഒരുമണിക്കൂർ യാത്ര ചെയ്താൽ പിരമിഡുകൾ നിൽക്കുന്ന ഗിസയിൽ എത്താം. കൊറോണ കഴിഞ്ഞു യാതകൾ പുനരാരംഭിച്ച ലോകമായതുകൊണ്ടാവാം സാമാന്യം തിരക്കുണ്ട് പിരമിഡ് കാണാൻ. ചരിത്രകാഴ്ചകളുടെ ഒരു മഹാ കലവറയാണ് ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ഈജിപ്ത്. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങളുണ്ട്. കർണാക്ക് ക്ഷേത്രം, വാലി ഓഫ് കിങ്ങ്സ്, അസ്വാൻ തുടങ്ങി കുറെയുണ്ട് കാണാനായി. കെയ്റോ, അലക്സാൻഡ്രിയ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലാളുകളും ജീവിക്കുന്നതെങ്കിലും ബാക്കിയുള്ളവർ നൈലിന്റെ നദീതടത്തിലുള്ള ചെറു ചെറു നഗരങ്ങളിലാണ്. വർണ്ണപ്പകിട്ടുകൾ ഒന്നുമില്ലാത്ത മണ്ണിന്റെ നിറമുള്ള നഗരമാണ് കെയ്റോ. അതുകൊണ്ടു തന്നെ മറ്റു പളപളപ്പൻ നഗരങ്ങളിൽ പോകുന്ന പോലെയല്ലാത്ത എന്തോ ഒരു പഴമ അകെ മൊത്തം ഫീൽ ചെയ്യും.

ഏതാണ്ട് 4500 വർഷങ്ങൾക്കു മുൻപേ, നാലാം രാജവംശത്തിലെ ഖുഫു ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഗിസയിലെ പിരമിഡ്, ഭൂമിയിൽ ഏറ്റവും പഴക്കമുള്ള ഉയരംകൂടിയ മനുഷ്യ നിർമ്മിത ശില്പ്പമായി ഇന്നും സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചങ്ങനെ നിൽക്കുന്നു. ചെറുപ്പം മുതലേ ചിത്രങ്ങളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലുപ്പം പ്രതീക്ഷിച്ചില്ല. അടുത്ത് ചെന്നപ്പോഴാണ് അതിന്റെ ഭീമാകാരത്വം മനസിലായത്. ഒരു അത്ഭുത നിർമിതി. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 20 മുതൽ 80 ടണ്ണോളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഒരുലക്ഷം ആളുകൾ ഇരുപത് കൊല്ലങ്ങൾ പണിചെയ്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത് എന്ന് പറയപ്പെടുന്നു.
കല്ലുകൾ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത് എന്നാണ് പഠനങ്ങൾ. 4500 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർക്കണം. അടുത്ത് ചെല്ലുമ്പോഴാണ് ഓരോ കല്ലുൾക്കും നമ്മളെക്കാൾ വലുപ്പമുണ്ടെന്നു തിരിച്ചറിയുക. മരണവുമായി ബന്ധപ്പെട്ടവ തന്നെയാണ് പിരമിഡുകൾ. മരണാന്തര ജീവിതത്തിനായി ഫറോവമാർ തങ്ങളുപയോഗിച്ച എല്ലാ സ്ഥാപരജംഗമ വസ്തുക്കളും, സ്വർണവും, രത്നങ്ങളുമെല്ലാം മമ്മിഫിക്കേഷൻ ചെയ്ത മൃതദേഹത്തോടൊപ്പം അതിനുള്ളിൽ സ്ഥാപിക്കുന്നു. കുഫുവിൻറെ പിരമിഡ്, മകൻ കാഫ്രയുടെ പിരമിഡ്, കാഫ്രയുടെ പുത്രൻ മങ്കാരയുടെ പിരമിഡ് അങ്ങനെ നിരവധി നിർമിതികൾ നമുക്കവിടെ കാണാം.
പിന്നീട് പോയത് സ്പിങ്ക്സ് പ്രതിമ കാണാനായിരുന്നു. നൈലിന്റെ പടിഞ്ഞാറെക്കരയിൽ ഖഫ്രെയുടെ പിരമിഡിന്റെ കുറച്ചകലെയാണിത്. ശില്പത്തിന്റെ മുഖം ഖഫ്രെ ഫറവോയെ പ്രതിനിധീകരിക്കുന്നതാണെന്ന് കരുതുന്നു. പാദം മുതൽ വാൽ വരെ 73 മീറ്ററോളം നീളവും, കീഴ്ഭാഗം മുതൽ ശിരസ്സ് വരെ ഏതാണ്ട് 21 മീറ്ററോളം വലിപ്പം. ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശില്പങ്ങളിൽ ഒന്നാണ് സ്ഫിങ്ക്സ്. ക്രിസ്തുവിന് 2500 വർഷങ്ങൾക്ക് മുമ്പാണ് ഇത് നിർമിക്കക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. വളരെ നാളുകൾ മണൽ മൂടികിടന്ന സ്ഫിങ്ക്സ് പ്രതിമയെ ഉദ്ഖനനം ചെയ്ത് ബി.സി1400 ൽ വീണ്ടെടുത്തത് ഫറവോ ആയിരുന്ന തുത്മോസ് നാലാമനാണ്. പുരാതനമായ നിരവധി ക്ഷേത്രങ്ങളും അതോടനുബന്ധിച്ചു നമുക്കവിടെ കാണാൻ കഴിയും.
ഒട്ടകപ്പുറത്തേറിയുള്ള സവാരി ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രിയപ്പെട്ട ഒന്നാണ്. ധാരാളം ഒട്ടകങ്ങൾ സഞ്ചാരികളെയും കാത്തു കിടക്കുന്നു. രാത്രിയിൽ നല്ല തണുപ്പായിരുന്നെങ്കിലും, പകൽ വെയിലടിക്കുമ്പോൾ സുഖകരമായ ഒരു കാലാവസ്ഥയാണ്. നിരവധി ചരിത്ര നിർമിതികൾ കണ്ടും അറിഞ്ഞും അന്നത്തെ ദിവസം അവിടെ കൂടി. വൈകുന്നേരത്തോടെ കെയ്‌റോയിൽ തിരിച്ചെത്തി. പകൽ മുഴുവൻ ഹിസ്റ്ററി പഠിച്ചു ബോറടിച്ച മോൾക്ക് ഇതെന്തൊരു യാത്രയാണെന്ന് ചോദിക്കും മുൻപേ, എന്നാപ്പിന്നെ ഒരു അടിപൊളി ഡിന്നർ ക്രൂയിസിന് പോകാമെന്നു വാക്ക് കൊടുത്തു. അങ്ങനെ നൈലിന്റെ പരപ്പിലൂടെ ബോട്ടിൽ ഭക്ഷണവും ബെല്ലിഡാൻസും ആസ്വദിച്ചുകൊണ്ട് വർണ വിളക്കുകൾ പ്രശോഭിപ്പിക്കുന്ന നഗരത്തെ മറ്റൊരു ആംഗിളിൽ കണ്ടു.
നമ്മളിന്നുപയോഗിക്കുന്ന പേപ്പറിന്റെ പ്രാചീന രൂപം ഉണ്ടാക്കുന്ന ഒരു മ്യൂസിയത്തിൽ പോയി അടുത്ത ദിവസങ്ങളിൽ. നൈലിന്റെ തീരത്തു കാണുന്ന പാപ്പിറസ് ചെടിയിൽ നിന്നും ആണ് പേപ്പർ ഉണ്ടായെതെന്നു കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടെങ്കിലും കണ്ടു കഴിഞ്ഞപ്പോഴാണ് എങ്ങനെയെന്ന് ബോധ്യമായത്. ചുരുക്കത്തിൽ ചെടിയുടെ തണ്ടു ഇഴകീറി, കൊട്ടുവടിപോലുള്ളൊരു ഉപകരണം വെച്ച് ചതച്ചു അടിച്ചു പരത്തി, ഏതോക്കെയോ ലായനികളിൽ മുക്കി വെച്ച് ലംബമായും തിരചീനമായും അടുക്കിയടുക്കി പിന്നീടത് പ്രസ് ചെയ്തു പേപ്പർ ഉണ്ടാക്കുന്നു. മുഴുവൻ പ്രോസ്സസും ഞങ്ങളെ വിശദമായി കാണിച്ചു തന്നു. കോപ്റ്റിക് കെയ്റോ കാണാൻ പോയത് നല്ലൊരു അനുഭവമായിരുന്നു. ബാബിലോൺ കോട്ട, കോപ്റ്റിക് മ്യൂസിയം, ഹാംഗിംഗ് ചർച്ച്, ഗ്രീക്ക് ചർച്ച് ഓഫ് സെന്റ് ജോർജ് തുടങ്ങി നിരവധി കോപ്റ്റിക് പള്ളികളും ചരിത്ര സ്ഥലങ്ങളും ഉൾക്കൊള്ളുന്ന പഴയ കെയ്‌റോയുടെ ഭാഗമാണ് കോപ്റ്റിക് കെയ്‌റോ. യേശുവും കുടുംബവും ഈ പ്രദേശത്തു സന്ദർശിക്കുകയും, സെയിന്റ് സെർജിയസിന്റെയും ബച്ചസ് അബു സെർഗ പള്ളിയുടെ സ്ഥലത്ത് താമസിക്കുകയും ചെയ്തതായി വിശ്വാസികൾ കരുതുന്നു. മിക്കവാറും ഉച്ചക്കൊക്കെ കിടിലൻ ഈജിപ്ത്യൻ തനതു ലഞ്ച്, കോഷറി ആസ്വദിച്ചു. ഒരു കിടിലോസ്‌കി വിഭവം. പാസ്തയും, നൂഡിൽസും, കടലയും, ഗാർലിക് സോസും, ഉള്ളിവറത്തതും എല്ലാം ചേർത്തൊരു പൊളി ഐറ്റം.

ലോകത്തിലെ ഏറ്റവും അമൂല്യമായ പുരാവസ്തുക്കൾ ശേഖരമായിട്ടുള്ള മ്യൂസിയം കാണാൻ പോയത് ഒരു അസുലഭ അവസരമായിരുന്നു. പലതും അത്ഭുതം കൊണ്ട് കണ്ണ് തള്ളുന്ന ശേഖരങ്ങൾ. ധാരാളം മമ്മികളെയും അവിടെ കണ്ടു. നാലായിരവും അയ്യായിരവും വര്ഷം പഴക്കമുള്ള ശേഖരങ്ങൾ കാണുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. മോശയുടെ അംശവടിയും കൃഷ്ണന്റെ നെയ്‌പാത്രവും വരെ കണ്ട ശരാശരി മലയാളി ആണല്ലോ നമ്മൾ. ഏതൊരു മ്യൂസിയം കാണാൻ പോകുമ്പോഴും അതിനെ കുറിച്ച് ഒന്ന് പഠിച്ചിട്ടു പോയാൽ നന്നായി ആസ്വദിക്കാൻ പറ്റും. അല്ലെങ്കിൽ അതൊക്കെ വെറും കല്ലുകളും പ്രതിമകളും മാത്രമായി മാറും. ഇതിനിടയിൽ നിരവധി പ്രദേശിക കാഴ്ചകളിലേക്ക് പോകാൻ സമയം കണ്ടെത്തി. പുതിയ വിഭവങ്ങൾ ആസ്വദിക്കാനും. താമസിക്കുന്ന ഹോട്ടിലിനു അടുത്തുള്ള തഹ്‌രീർ സ്ക്വർ 2011 കാലത്തു സ്ഥിരം ടിവിയിൽ കാണുമായിരുന്നു. ഈജിപ്ത്യൻ വിപ്ലവം അരങ്ങേറിയ നഗര ചത്വരം.
ഖാൻ അൽ ഖലീലി മാർക്കറ്റ് കണ്ടത് നല്ലൊരു അനുഭവമായിരുന്നു. അതിനുമുണ്ട് ചരിത്രം. പതിനാലാം നൂറ്റാണ്ടു മുതൽ പ്രവർത്തിക്കുന്നതാണത്രേ അത്. ഉപ്പു തൊട്ടു കർപ്പൂരം മോഡൽ ഒന്ന്. ടൂറിസ്റ്റുകളെക്കാൾ കൂടുതൽ സ്വദേശികളും ധാരാളമായി അവിടെ എത്തുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ ഈജിപ്തിന്റെ ഒരു പരിച്ഛേദം നമുക്കവിടെ കിട്ടും. പിന്നീട് മധ്യധരണ്യാഴിയുടെ സമീപത്തെ അലക്സാഡ്രിയ ഒന്ന് ചുറ്റിക്കാണാനാണ് പോയത്. കെയ്‌റോയിൽ നിന്നും വടക്കോട്ട് 380കി.മീറ്ററുണ്ട്. മഹാനായ അലക്സാണ്ടർ ചക്രവർത്തി സ്ഥാപിച്ച നഗരമാണ് അലക്സാഡ്രിയ. ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം. മെഡിറ്ററേനിയൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന, പതിനഞ്ചാം നൂറ്റാണ്ടിൽ പണിത ഒരു പ്രതിരോധ കോട്ടയായ സിറ്റാഡൽ ഓഫ് ഖൈത്ബേയുടെ സമീപത്തെ ഒരു ചായക്കടയിലിരുന്നു അസ്തമയ സൂര്യനെയും കണ്ടുകൊണ്ടു ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകുന്നതിന് മുമ്പ് നഗരത്തിൽ നിന്നും എയർപോർട്ടിലേക്ക് തിരിച്ചു. ഈജിപ്തിനോട് വിടപറഞ്ഞു വിമാനം ചരിത്രം ഉറങ്ങുന്ന മണ്ണിൽ നിന്നുയർന്നുപൊങ്ങി. ഇനിയും കാണാത്ത കാഴ്ചകൾ കാണുവാൻ കുംബത്തോടൊപ്പം വരാൻ പറ്റുമെന്ന പ്രതീക്ഷയോടെ..









