മുംബൈ: ലോക വിനോദ സഞ്ചാരികളെ വർഷങ്ങളോളം ആകർഷിച്ച പരസ്യത്തിന്റെ ജീവൻ പോയി. 23 വർഷം മുമ്പ് തുടങ്ങിയ ‘ഇൻക്രഡിബിൾ ഇന്ത്യ’ പരസ്യ കാമ്പയിന്റെ സ്വാധീനമാണ് ഇടിഞ്ഞത്. യുവ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാൻ പരസ്യത്തിന് കഴിയുന്നില്ലെന്നാണ് കണ്ടെത്തൽ. വൻ തുക മുടക്കി അടുത്ത വർഷത്തോടെ പുതിയ ഡിജിറ്റൽ സൗഹൃദ പരസ്യം പുറത്തിറക്കാനാണ് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പരസ്യ കാമ്പയിൻ തുടങ്ങാൻ കേന്ദ്ര മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എ.ഐ, യാത്രകളുമായി ബന്ധപ്പെട്ട് ലഭ്യമായ ഡാറ്റ, ഇൻഫ്ലുവൻസേസ്, ഡിജിറ്റൽ ക്രിയേറ്റർമാർ തുടങ്ങിയവരുടെ സഹായത്തോടെയായിരിക്കും പരസ്യം തയാറാക്കുക. ആഗോള ടൂറിസം മാപ്പിൽ രാജ്യത്തെ പുനരവതരിപ്പിക്കുകയാണ് ലക്ഷ്യം. വർഷങ്ങളോളം വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ച പരസ്യമാണ് ‘ഇൻക്രഡിബിൾ ഇന്ത്യ’. എന്നാൽ, ലോക ടൂറിസം പ്രചാരണങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറിയതോടെ ഈ പരസ്യത്തിന്റെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. എ.ഐ സഹായത്തോടെ വിനോദ സഞ്ചാരികളുടെ താൽപര്യങ്ങൾ കണ്ടെത്തും. രാജ്യത്ത് ലഭ്യമായ വലിയ തോതിലുള്ള ഡാറ്റ ഉപയോഗിച്ച് വളർച്ച സാധ്യതയുള്ള വിപണിയിൽ പരസ്യ കാമ്പയിൻ നടത്തും. ഇതിനു പുറമെയാണ് ഉള്ളടക്കം തയാറാക്കുന്നവരുമായും സമൂഹ മാധ്യമങ്ങളിൽ യാത്ര ചാനൽ ചെയ്യുന്നവരുമായും സഹകരിക്കുക.
2002ൽ തുടങ്ങിയ ഇൻക്രഡിബിൾ ഇന്ത്യ കാമ്പയിൻ ഏറ്റവും വിജയകരവും വ്യാപക അംഗീകാരം ലഭിക്കുകയും ചെയ്ത പരസ്യങ്ങളിലൊന്നായിരുന്നു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകങ്ങളും ചരിത്ര സ്മാരകങ്ങളുമായിരുന്നു ഈ കാമ്പയിന്റെ ഉള്ളടക്കം. ടൂറിസം മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഡിജിറ്റൽ മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പരസ്യം ഒരുക്കുന്നത്. അധികമാരും അറിയാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉത്തരവാദിത്ത ടൂറിസവും ഓരോ സംസ്ഥാനത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് പരസ്യത്തിൽ ഉൾപ്പെടുത്തുക.









