മത്ര: പൗരാണികമായ ഒമാനി പാരമ്പര്യ ജീവിതരീതികളെയും സംസ്കാരത്തെയുംകുറിച്ച് സന്ദർശകർക്ക് അറിവ് പകരുകയാണ് മത്രയിലെ പ്ലയ്സ് ആൻഡ് പീപ്പ്ൾ മ്യൂസിയം. ഇന്നുകാണുന്ന ആധുനിക ജീവിത സൗകര്യങ്ങള്‍ തീരെ വികസിക്കാത്ത 1940-1970 കാഘട്ടങ്ങളിലെ ഒമാനി ജീവിത രീതി അതേപടി പുനരാവിഷ്കരിക്കുകയാണിവിടെ. മത്ര ഫോര്‍ട്ടിനോട് ചേര്‍ന്ന് അല്ഖലഅ റൗണ്ട് എബൗട്ടിന് മുൻവശത്തായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം പഴയകാല ഒമാനിജീവിതം മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്ക്ക് കൗതുകവും ആശ്ചര്യവും പകരുന്ന കാഴ്ചവിരുന്നുതന്നെ സമ്മാനിക്കുന്നുണ്ട്.

മത്രയിലെ മ്യൂസിയത്തിൽനിന്നുള്ള കാഴ്ച
മ്യൂസിയത്തിലേക്ക് മൂന്ന് റിയാലാണ് പ്രവേശന ഫീസ്. അകത്തുകയറിയാല്‍ പഴയകാലത്തെ ഒമാനി ജീവിതരീതി അതേപടി കണ്ട് മനസ്സിലാക്കി മടങ്ങാം. പണ്ടുകാലങ്ങളില്‍ ഉപയോഗിച്ച ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍, ശയ്യോപകരണങ്ങള്‍, കുട്ടി തൊട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍ അക്കാലത്തെ രീതിയിലുള്ള വസ്ത്രങ്ങള്‍, ആടയാഭരണങ്ങള്‍ എന്നുവേണ്ട പഴയകാലത്തെ ഒരു വീട്ടകം എങ്ങനെയായിരുന്നു എന്നതിന്റെ തനിപ്പകര്‍പ്പാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. മുക്കാല്‍ നൂറ്റാണ്ട് മുമ്പുള്ള ജീവിതരീതിയും അക്കാലത്ത് ഉപയോഗിച്ച സാധനങ്ങളുമാണ് ഇവിടെ സൂക്ഷിച്ചും പരിപാലിച്ചും സംവിധാനിച്ചിട്ടുള്ളത്. ചരിത്രകുതുകികള്‍ക്ക് ഉപകാരപ്പെടും വിധം പഴയകാല കുടുബ ജീവിതരീതി എങ്ങിനെയാണെന്നത് പുനരാവിഷ്കരിക്കുകയാണിവിടെ.
മുസബ്ബ എന്ന് പേരുള്ള സ്വദേശി ജീവിച്ചിരുന്ന സ്ഥലമാണ് ഇതെന്ന് അവിടെ ചുമരില്‍ കുറിച്ച് വെച്ചിട്ടുണ്ട്. അത് പഠനാര്ഹമാം വിധം മ്യൂസിയമാക്കിയതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് മുസബ്ബ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളും, എന്തിനധികം ഉപയോഗിച്ച സൈക്കിള്‍ വരെ വീടിന്റെ പുറത്തുള്ള അക്കാലത്തേതെന്ന് തോന്നിക്കുന്ന വാഹനത്തില്‍ പ്രദര്ശിപ്പിച്ചുവെച്ചത് കണ്ടാല്‍തന്നെ പഴയകാല ജീവിതം കണ്മുന്നില് തെളിഞ്ഞുവരും. സന്ദൾശകര്ക്ക് പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും സുഗന്ധദ്രവ്യങ്ങളുമൊക്കെ വാങ്ങി ഓര്‍മയില്‍ സൂക്ഷിച്ച് മടങ്ങാനുള്ള സംവിധാനവും ഈ മ്യൂസിയത്തിലുണ്ട്.









