
കോഴിക്കോട്: ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ നൽകും, പണം എണ്ണുന്നതിനിടയിൽ കൗണ്ടറിലെ ചാരിറ്റബിൾ ട്രസ്റ്റിന്റെ പണം അടങ്ങിയ പെട്ടി മോഷ്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയിൽ. തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറാണ് പിടിയിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർക്ക് കീഴിലുള്ള സ്‌ക്വാഡും നല്ലളം പൊലീസും ചേർന്നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെയോടെ ഇയാളെ പിടികൂടിയത്.
അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേർച്ചപെട്ടി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഇയാൾ ഹോട്ടലിൽ കയറിയത്. ചായ കുടിച്ച ശേഷം പണം നൽകാനായി ക്യാഷ് കൗണ്ടറിൽ എത്തിയ സന്തോഷ് പണം ചില്ലറയായാണ് നൽകിയത്. കൗണ്ടറിലിരുന്ന ആൾ ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പണം അടങ്ങിയ പെട്ടി കൈക്കലാക്കി ഇവിടെ നിന്നും കടന്നുകളഞ്ഞു.
ALSO READ: ഭീഷണിപ്പെടുത്തി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കൂടുതൽ ചോദ്യം ചെയ്തപ്പോൾ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി മനസ്സിലാവുകയായിരുന്നു. കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തൂർമഠത്തുള്ള ബിന്ദു ഹോട്ടലിലും പ്രതി സമാന രീതിയിൽ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post ഹോട്ടലുകളിലെ ചാരിറ്റബിൾ ട്രസ്റ്റിന്റെ പണപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയിൽ appeared first on Express Kerala.









