ദുബൈ: ഹൈക്കിങ്ങിൽ പുതിയ ഉയരം താണ്ടി മലയാളി ഹൈക്കർ. യു.എ.ഇയിൽ പ്രവാസിയായ അഡ്വ. അബ്ദുൽ നിയാസാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്വതന്ത്ര പർവതമായ കിളിമഞ്ചാരോ യാത്ര വിജയകരമായി പൂർത്തീകരിച്ചത്. സെപ്റ്റംബർ ആറിനായിരുന്നു കിളിമഞ്ചാരോയിലേക്കുള്ള ഹൈക്കിങ്. ആറ് ദിവസത്തിന് ശേഷം സെപ്റ്റംബർ 11ന് കിളിമഞ്ചാരോയിലെത്തിയതായി നിയാസ് പറഞ്ഞു. സമുദ്ര നിരപ്പിൽനിന്ന് 5895 മീറ്റർ ഉയരത്തിലാണ് കിളിമഞ്ചാരോ സ്ഥിതിചെയ്യുന്നത്.
രണ്ടുപേരാണ് ഹൈക്കിങ് സംഘത്തിലുണ്ടായിരുന്നത്. ഹൈ ആൾട്ടിട്യൂഡ് സിക്ക്നെസ് കാരണം അവസാന ദിവസം സഹസഞ്ചാരിക്ക് പിന്മാറേണ്ടിവന്നു. മോശം കാലാവസ്ഥ, മഞ്ഞുവീഴ്ച, കാറ്റ്, കുത്തനെയുള്ള പാതകൾ, പാറക്കെട്ടുകൾ എന്നിവ വലിയ വെല്ലുവിളി സൃഷ്ടിച്ചതായും നിയാസ് പറഞ്ഞു. ഉയരത്തിലേക്ക് പോകുംതോറും ഓക്സിജന്റെ അളവ് കുറയുന്നതും വെല്ലുവിളിയായിരുന്നു. എങ്കിലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി മുന്നോട്ട് നീങ്ങി.
ഒടുവിൽ പ്രതിസന്ധികളെ മറികടന്ന് ലക്ഷ്യം കാണാൻ കഴിഞ്ഞുവെന്ന് നിയാസ് പറഞ്ഞു.ഇതിനു മുമ്പ് യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ പർവതമായ എൽബ്രസ് യാത്രയും നിയാസ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. 2024ൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കും നിയാസ് സാഹസിക യാത്ര നടത്തിയിരുന്നു. ലോകത്തെ ഏഴു സമ്മിറ്റുകളിൽ രണ്ട് എണ്ണം ഇതിനകം പൂർത്തിയാക്കിയ നിയാസിന്റെ അടുത്ത ലക്ഷ്യം ദക്ഷിണ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ അക്കൻകോഗയാണ്.









