
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിട്ടുള്ളത്. ബാക്കിയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഓറഞ്ച് അലേർട്ടിന് പിന്നാലെ ഇടുക്കി ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ സാഹസിക- ജലവിനോദങ്ങൾ പൂർണ്ണമായി നിരോധിച്ചു. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിങ്, ജീപ്പ് സവാരി എന്നിവയ്ക്കാണ് നിയന്ത്രണം.
മഴ കനത്തതിനെ തുടർന്ന് വണ്ടിപ്പെരിയാറിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തി പതിനായിരം ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദം തീവ്രമാകും
തെക്ക് കിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും നിലനിന്നിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
The post കേരളത്തിൽ അതിശക്തമായ മഴ! 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം appeared first on Express Kerala.









