‘മുസ്‍ലിംകളുടെ നാല് പുണ്യ സ്ഥലങ്ങളുടെ പേര് പറയൂ’ ആഡിസ് അബബയിലെ വിമാനത്താവളത്തിൽ വെച്ച് പരിചയപ്പെട്ട അലിയുടെ ചോദ്യം എന്നെ കുഴപ്പിച്ചു. മക്കയും മദീനയും ജറൂസലമും മാത്രമേ മനസ്സിൽ വന്നുള്ളൂ. എന്തെങ്കിലും മറുപടി പറയണ്ടേയെന്ന് കരുതി സിറിയയിലെ ഡമസ്‌കസ് എന്ന് പറഞ്ഞു. ‘എനിക്കറിയാമായിരുന്നു നിങ്ങൾക്ക് ഉത്തരം കിട്ടില്ല എന്ന്.
ഇത്യോപ്യയിലെ ഹരാറാണ് നാലാമത്തെ പുണ്യസ്ഥലം. അവിടെ പോയാൽ നിങ്ങൾക്ക് മനസ്സിലാകും എന്തുകൊണ്ടാണ് എന്റെ നാടിന് യുനെസ്‌കോ ലോക പൈതൃക പദവി നൽകിയതെന്ന്’ അലിയുടെ വാക്കുകൾ എന്നിൽ കൗതുകമുണർത്തി. പിരിയുന്നതിനുമുമ്പ് ഒരുകാര്യംകൂടി അലി പറഞ്ഞിരുന്നു,
‘ഹരാറിൽ ചെല്ലുമ്പോൾ കഴുതപ്പുലിയുടെ അനുഗ്രഹം വാങ്ങാൻ മറക്കല്ലെ.’ കഴുതപ്പുലിയും അനുഗ്രഹവും തമ്മിലെന്താണ് ബന്ധമെന്ന് മനസ്സിലായില്ലെങ്കിലും ഇത്യോപ്യയിൽനിന്ന് സോമാലിയയിലേക്ക് പോകുന്ന വഴിക്ക് ഹരാർകൂടി സന്ദർശിക്കാൻ തീരുമാനിച്ചു.
കോട്ടമതിലിനുള്ളിലെ ഹരാർ ജുഗോൾ
ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ്അബാബയിൽനിന്ന് 525 കിലോമീറ്റർ അകലെ, കിഴക്ക് ഭാഗത്തായിട്ടാണ് ഹരാർ സ്ഥിതി ചെയ്യുന്നത്. ആറായിരം അടി ഉയരത്തിൽ. മലകളാൽ ചുറ്റപ്പെട്ട്, കോട്ടമതിലിനുള്ളിലാണ് ഹരാർ ജുഗോൾ എന്ന പഴയ പട്ടണം. ജുഗോളിൽ അമ്പത് ഏക്കറിനുള്ളിൽ 82 പള്ളികളുണ്ട്. 18ാം നൂറ്റാണ്ടിലെ പ്രധാന ഇസ്‍ലാം മതപഠന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഹരാർ.

1)ഹരാർ തെരുവ്. ചിട്ടയായി നിർമിച്ച കെട്ടിടങ്ങളാണിവിടെ 2)സ്കൂളിലേക്ക് പോകുന്ന കുട്ടികൾ
മക്കയിൽനിന്ന് ഹരാറിലേക്ക് വിവിധ മതപണ്ഡിതന്മാർ കുടിയേറിയിരുന്നു. ഇവരുടെ പേരിൽ ഹരാറിൽ 102 ആരാധനാലയങ്ങളുണ്ട്. അതുകൊണ്ട് ‘മദീനത്തുൽ ഔലിയ’ അഥവാ ‘വിശുദ്ധരുടെ നഗര’മായിട്ടാണ് ഹാരാർ അറിയപ്പെടുന്നത്. ആഫ്രിക്കയിൽ ഇസ്‍ലാം മതം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതുകൊണ്ടാണ് ‘ആഫ്രിക്കൻ മക്ക’ എന്ന പേര് ലഭിച്ചത്. കിഴക്കൻ ആഫ്രിക്കയിലെ മുസ്‍ലിംകൾ നാലാമത്തെ പുണ്യസ്ഥാനമായി അംഗീകരിക്കുന്നതും ഹരാറിനെയാണ്.
കോട്ടമതിലിന്റെ ചരിത്രം
ക്രിസ്തുമതത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഇത്യോപ്യയിൽ ഇസ്‍ലാം മതം പ്രചരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. ചുറ്റുമുണ്ടായിരുന്ന ക്രിസ്ത്യൻ ഒറോമോ ആളുകളിൽനിന്ന് ഹരാറികൾ നിരന്തരം ഭീഷണികൾ നേരിട്ടു. പലപ്പോഴും അത് യുദ്ധത്തിൽ കലാശിച്ചു. ഹരാറികളെ സംരക്ഷിക്കാനായിട്ടാണ് പട്ടണത്തിനു ചുറ്റും മൂന്നര കിലോമീറ്റർ ചുറ്റളവിൽ അഞ്ചു മീറ്റർ ഉയരമുള്ള കോട്ട മതിൽ 13ാം നൂറ്റാണ്ടിൽ പണിതത്. അകത്തേക്ക് പ്രവേശിക്കാൻ അഞ്ചു കവാടങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഇസ്‍ലാം മതത്തിന്റെ അഞ്ചു തൂണുകളെ അനുസ്മരിപ്പിക്കാനാണ് അഞ്ചു കവാടങ്ങൾ. മുസ്‍ലിംകൾക്ക് മാത്രമേ കോട്ടക്കുള്ളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. 16ാം നൂറ്റാണ്ടിനും 19ാം നൂറ്റാണ്ടിനും ഇടയിൽ ഹരാർ ഒരു വാണിജ്യകേന്ദ്രമായി മാറി. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളും അറേബ്യയുമായും ഇന്ത്യയുമായും വാണിജ്യബന്ധമുണ്ടായിരുന്നു. അവിടങ്ങളിൽ ഇസ്‍ലാം മതം പ്രചരിപ്പിക്കാൻ ആ ബന്ധം ഉപകരിച്ചു.
പൈതൃകനഗരം
1877ൽ ഹരാർ ഇത്യോപ്യയുടെ ഭാഗമായി. ഇത്യോപ്യൻ രാജാവായ മെനലിക് സ്ഥാനമേറ്റപ്പോൾ ഹരാറികളുമായി വലിയൊരു യുദ്ധത്തിലേർപ്പെട്ടു. ധാരാളം ഹരാറികൾ കൊല്ലപ്പെട്ടു. പലരും സോമാലിയയിലേക്കും മറ്റും പലായനം ചെയ്തു. അതോടെ, ഹരാറിലെ കോട്ടക്കുള്ളിൽ ഒറോമോ ക്രിസ്ത്യാനികൾ താമസം തുടങ്ങി. 1937ൽ ഇറ്റലി ഇത്യോപ്യയെ കീഴടക്കിയപ്പോൾ ഹരാറികൾക്ക് പഴയ സ്വാതന്ത്ര്യം തിരികെ ലഭിച്ചു. ഇറ്റലിക്കാർ പള്ളികൾ പുനർനിർമിക്കുകയും അറബിക് പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇറ്റലി പിൻവാങ്ങിയപ്പോൾ മെനലിക്കിന്റെ പിൻഗാമിയായ ഹൈലെ സെലാസി ഹരാറികളെ വീണ്ടും വേട്ടയാടി. രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പലരെയും ജയിലിലടച്ചു. പിന്നീട് വന്ന കമ്യൂണിസ്റ്റ് ഭരണകൂടവും ഹരാറികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അതിനുശേഷം വന്ന സർക്കാറുകളുടെ കീഴിലാണ് ഹരാറികൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിച്ചത്. അതുല്യമായ സാംസ്‌കാരിക പൈതൃകം, ഇസ്‍ലാമിക വാസ്തുവിദ്യ, കാരവൻ റൂട്ടിലെ പ്രധാനപങ്ക് എന്നിവ അംഗീകരിച്ചുകൊണ്ടാണ് സംരക്ഷിക്കപ്പെടേണ്ട ഇടമെന്ന നിലക്ക് ഹരാറിനെ 2006ൽ യുനെസ്‌കോ പൈതൃകനഗരമായി അംഗീകരിച്ചത്.
ബുധ ബാരി എന്ന വിളിപ്പേരുള്ള കവാടത്തിനരികിൽ ചരിത്രബിരുദധാരിയായ ഉമർ എന്നെ കാത്തുനിൽപുണ്ടായിരുന്നു. അടുത്തുള്ള സ്‌കൂളിലെ അധ്യാപകനാണ് അദ്ദേഹം. ഇടക്ക് ഗൈഡ് ആയും ജോലി നോക്കാറുണ്ട്. ‘നിങ്ങളീ കാണുന്ന കോട്ട മതിൽ പുതുക്കിപ്പണിതതാണ്. പൈതൃക പദവി ലഭിച്ച ശേഷം യുനെസ്‌കോ മുൻകൈ എടുത്തതുകൊണ്ട് നടന്നു. ആളുകൾ കോട്ടക്കകത്തെ വീടുകളെല്ലാം ചായം അടിക്കുന്ന തിരക്കിലാണ്. മദീനയിൽ ആളുകൾ ഇസ്‍ലാം സ്വീകരിക്കുന്നതിന് എട്ടു വർഷം മുമ്പുതന്നെ ഹരാറിൽ അംഗീകരിക്കപ്പെട്ടു എന്നാണ് ഇവിടെയുള്ള പഴമക്കാർ പറയുക. അതിനു തെളിവുകൾ ഒന്നുമില്ല.
ചരിത്രരേഖകൾ പരിശോധിച്ചാൽ എണ്ണൂറു വർഷങ്ങൾക്കുമുമ്പ് ഇസ്‍ലാം മതത്തിന്റെ പ്രചാരണാർഥം അബാദിർ എന്ന സിദ്ധൻ മറ്റു കുറച്ചു സിദ്ധന്മാരുമായി മക്കയിൽനിന്ന് കടൽകടന്ന് ഇവിടെ എത്തിച്ചേർന്നതായി കാണാം. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇവിടെയുണ്ടായിരുന്ന ഗോത്രവർഗക്കാർ തമ്മിലുള്ള വൈരം മറന്ന് ഇസ്‍ലാമിന്റെ കീഴിൽ ഒന്നിച്ചു. അദ്ദേഹത്തെയാണ് ഞങ്ങൾ ഹരാറിന്റെ ദിവ്യനായി അംഗീകരിക്കുന്നത്.’
ലിവിങ് മ്യൂസിയം
ഞങ്ങൾ പട്ടണത്തിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടന്നു. പ്രധാനപ്പെട്ട ഒരേയൊരു തെരുവിൽക്കൂടി മാത്രമാണ് കാറുകൾക്ക് പോകാൻ സാധിക്കുക. 350ൽപരം ചെറിയ വഴികളിലൂടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. വീടുകൾ കൂടുതലും തീപ്പെട്ടിക്കൂടുപോലുള്ള ചെറിയ ഒറ്റനില കെട്ടിടങ്ങളാണ്. അവയിൽ പലതിനും നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ലിവിങ് മ്യൂസിയം ആയിട്ടാണ് ഹരാർ അറിയപ്പെടുന്നത്. പണ്ടത്തെ രീതിയിൽനിന്നും അധികമൊന്നും മാറ്റങ്ങൾ സംഭവിച്ചില്ലെന്ന് തെരുവുകളിൽകൂടി നടക്കുമ്പോൾ മനസ്സിലാകും. കുറച്ചു വീടുകൾ കഴിയുമ്പോൾ ചെറിയ ഒരു ആരാധനാലയം കാണാം.
ഒരു ആരാധനാലയത്തിനുള്ളിൽനിന്ന് തട്ടമിട്ട ഒരു സ്ത്രീ കത്തിച്ച ചന്ദനത്തിരിയുമായി പുറത്തേക്കുവന്നു. ഉമർ എന്നെയും കൂട്ടി അതിനുള്ളിലേക്ക് കടന്നു. ഒന്ന് രണ്ടു ഖബറിടങ്ങൾ പച്ച സിൽക്ക് തുണികൊണ്ട് മൂടിയിട്ടുണ്ട്. ഭിത്തിയിൽ ഇസ്‍ലാമിക ചിഹ്നങ്ങൾ ചില്ലിട്ടുവെച്ചിരുന്നു.
ഉമർ അവരെ പരിചയപ്പെടുത്തി. ആയിഷ എന്നാണ് അവരുടെ പേര്. ആയിഷയുടെ ഭർത്താവിന്റെ പൂർവികനായിരുന്ന സിദ്ധന്റെ പേരിലുള്ള ആരാധനാലയമായിരുന്നു അത്. എല്ലാ ദിവസവും അവിടം വൃത്തിയാക്കി, ചന്ദനത്തിരി കത്തിച്ചിരുന്നത് ആയിഷയുടെ ഭർത്താവായിരുന്നത്രേ. അദ്ദേഹത്തിന്റെ മരണശേഷം അവർ ആ ജോലി ഏറ്റെടുത്തു.
ഭക്തിസാന്ദ്രം
കോട്ടമതിൽ പണിത നൂർ മുഹമ്മദിന്റെ ആരാധനാലയത്തിലേക്കാണ് ഉമർ എന്നെ പിന്നീട് കൊണ്ടുപോയത്. അതിനടുത്തെത്തിയപ്പോൾ ഭജന പാടുന്ന പോലെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. ഒരാൾ ഉച്ചത്തിൽ പാടിക്കൊടുക്കുന്നതിനെ മറ്റുള്ളവർ ഏറ്റുപാടുന്നു. ഇടക്കിടക്ക് അല്ലാഹുവിന്റെ നാമം ഉയരുന്നത് ശ്രദ്ധിച്ചു. പരിചിതമല്ലാത്ത സംഗീതോപകരണങ്ങളുടെ ശബ്ദവും കേൾക്കാം. ‘
ആരാധനാലയത്തിൽ സിക്രി നടക്കുകയാണ്. ഞങ്ങൾ സുന്നി മുസ്‍ലിംകളാണെങ്കിലും സൂഫി പാരമ്പര്യവും പിന്തുടരുന്നവരാണ്. ശരീഅ നിയമം അംഗീകരിക്കുന്നതിനൊപ്പം ജപത്തിനും ധ്യാനത്തിനും പ്രാധാന്യം നൽകിവരുന്നു. ഒന്നിച്ചിരുന്നു ജപിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്നതിനാൽ ഞങ്ങൾ സിക്രിയിൽ പങ്കെടുക്കാൻ ശ്രമിക്കും.
ശൈഖ് ആണ് ഖുർആൻ പാരായണം ചെയ്യുക. പ്രാർഥനയും സിക്രി ഗാനങ്ങളും ഞങ്ങൾ ഒന്നിച്ചുചൊല്ലും. അവസാനം ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചാണ് പിരിയുക’ -ഉമർ കാര്യങ്ങൾ വിശദീകരിച്ചു. ഞങ്ങൾ കവാടത്തിലൂടെ അങ്കണത്തിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ ഒറ്റമുറി. അതിനകത്തു നിറയെ ആളുകൾ ഇരിക്കുന്നു. എല്ലാവരുടെയും കൈയിൽ ഒരു പുസ്തകമുണ്ട്. അത് നോക്കിയാണ് അവർ ശൈഖ് പാടുന്നത് ഏറ്റുപാടുന്നത്.
ചിലരുടെ കൈയിൽ കൈപ്പത്തിയുടെ നീളമുള്ള പരന്ന രണ്ടു തടിക്കഷ്ണങ്ങളുണ്ട്. അത് കൊട്ടിക്കൊണ്ട് പാട്ടിനു താളമിടുന്നു. ഒന്നുരണ്ടു പേർ നിലത്തുവെച്ചിരുന്ന വലിയ ഡ്രം കൊട്ടുന്നു. തടി കഷ്ണങ്ങളെ ‘കബാൽ’ എന്നും ഡ്രമ്മിനെ ‘കറാബു’ എന്നുമാണ് വിളിക്കുക. ഇടക്ക് ചിലർ എഴുന്നേറ്റു നിന്ന് നൃത്തം ചവിട്ടുന്നത് കണ്ടു. അവരുടെ കൈയിൽ എന്തോ ഇലയുമുണ്ടായിരുന്നു.
അവിടന്നിറങ്ങിയപ്പോൾ ആ ഇലയെ പറ്റി ഉമറിനോട് ചോദിച്ചു. ‘ഖാട്ട് ചെടിയുടെ ഇലകളാണ്. അത് ചവച്ചുകൊണ്ടിരുന്നാൽ ഉന്മേഷം കൂടും. സിക്രി നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആളുകൾ ഖാട്ട് ഉപയോഗിക്കും. സിക്രി പോലെ പ്രധാനമാണ് മൗലൂദ് പാരായണം. പ്രവാചകന്റെ ജനനത്തെക്കുറിച്ചുള്ള കാവ്യാത്മക വിവരണമുള്ള പുണ്യഗ്രന്ഥമാണിത്. പള്ളികളിലും ആരാധനാലയങ്ങളിലും സിക്രിയും മൗലൂദ് പാരായണവും പതിവാണ്. വെള്ളിയാഴ്ച രാവിലത്തെ പ്രാർഥനയുടെ സമയത്ത് നിർബന്ധമായും ചെയ്യാറുണ്ട്.
കല്യാണത്തിനുമുമ്പ് ഒരു മണിക്കൂർ ഖുർആൻ പാരായണവും. ഒരു മണിക്കൂർ മൗലൂദ് പാരായണവും ഉണ്ടാകും. മരിച്ചവർക്കുവേണ്ടി ചെയ്യുന്ന സിക്രി ആചാരത്തിനു ‘അമൂത്ത കറാബു’ എന്നാണ് വിളിക്കുക. അടക്കത്തിനു ശേഷമുള്ള രണ്ടുമൂന്നു ദിവസം ശൈഖ് വീട്ടിൽവന്ന് സിക്രി ചെയ്യും. അതിൽ സ്തീകളാണ് പങ്കെടുക്കുക. കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സ്ത്രീകൾ അതിൽ ഭാഗമാകും.’
കഴുതപ്പുലികളെ തേടി
അന്ന് വൈകിട്ട് ഉമർ എന്നെ കഴുതപ്പുലികളെ കാണാൻ കൂട്ടിക്കൊണ്ട് പോയി. ഹരാറിലെ മുസ്‍ലിം സിദ്ധന്മാർ തുടങ്ങിവെച്ച പാരമ്പര്യമാണിത്. 19ാം നൂറ്റാണ്ടിൽ ആ പ്രദേശത്തുണ്ടായിരുന്ന കഴുതപ്പുലികൾ സ്ഥിരമായി ആടുമാടുകളെ ആക്രമിച്ചപ്പോൾ ഒരു സിദ്ധൻ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം എല്ലാ ദിവസവും രാത്രിയിൽ കഴുതപ്പുലികൾക്ക് ആളുകൾ ഇറച്ചി നൽകി തുടങ്ങി.
ആ ആചാരം ഇന്നും പിന്തുടരുന്നു. വിജനമായ പ്രദേശത്ത് ഒരു കസേരയിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. അയാൾ പ്രത്യേക ശബ്ദം ഉണ്ടാക്കിയതും അടുത്തുള്ള കാടുകളിൽനിന്ന് കഴുതപ്പുലികൾ പ്രത്യക്ഷപ്പെട്ടു. അവർ അയാളുടെ കൈയിൽനിന്ന് ഇറച്ചി വാങ്ങിത്തിന്നു. അയാളുടെ അടുത്തുണ്ടായിരുന്ന കസേരയിൽ എന്നെയും പിടിച്ചിരുത്തി അവറ്റകൾക്ക് ഭക്ഷണം കൊടുപ്പിച്ചു ‘ഞങ്ങൾ കഴുതപ്പുലി എന്ന് വിളിക്കാറില്ല.
ഞങ്ങൾക്ക് ഇവർ യുവ പുരോഹിതന്മാരാണ്. ഇവരുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ നാട്ടിൽ സമാധാനമുള്ളത്. ‘ആശുറ’ ദിനത്തിൽ ഇവർക്കായി ഞങ്ങൾ വലിയൊരു സദ്യ ഒരുക്കാറുണ്ട്. പട്ടണത്തിന്റെ നാല് കോണിലും സദ്യ നിരത്തും. അതുകഴിക്കാനായി ഇവർ വന്നില്ലെങ്കിൽ ദുശ്ശകുനമായിട്ടാണ് കണക്കാക്കുക.’
ഷുവാൽ ഈദ്
പട്ടണത്തിലേക്ക് തിരികെ പോകുമ്പോൾ ഹരാറി മുസ്‍ലിംകളുടെ വ്യത്യസ്ത ഉത്സവമായ ഷുവാൽ ഈദിനെ പറ്റിയുമുള്ള അറിവ് ഉമർ പകർന്നുതന്നു. മൂന്നുദിവസത്തെ വാർഷിക ഉത്സവമാണ് ഷുവാൽ ഈദ്. എന്തെങ്കിലും കാരണത്താൽ റമദാൻ വ്രതം മുടങ്ങിയവർക്കു റമദാൻ കഴിയുന്ന ഉടനെ ആറു ദിവസത്തെ വ്രതമെടുക്കാം. അതിന്റെ അവസാനമാകുമ്പോഴാണ് ഈ ആഘോഷം.

ഔ ഷുലും അഹ്മദ്, ഔ അകെബാറ എന്നീ ആരാധനാലയങ്ങളിലാണ് ഹരാറി ജനത ഷുവാൽ ഈദ് ആഘോഷിക്കുന്നത്. പ്രാർഥനകളും ആത്മീയ ഗാനങ്ങളും തുടർന്ന് തിരുവെഴുത്തുകളുടെ വായന, സംഗീതം, നൃത്തം എന്നിവയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സമുദായ അംഗങ്ങളെ ഈ ചടങ്ങ് ഒന്നിപ്പിക്കുന്നു.
സമൂഹത്തിലെ മുതിർന്നവർ അവരുടെ അറിവും അനുഭവങ്ങളും അടുത്ത തലമുറയുമായി പങ്കുവെക്കുന്നു. പിറ്റേന്ന് രാവിലെ ഹരാറിൽനിന്ന് മടങ്ങുമ്പോൾ മനസ്സ് നിറയെ ഹരാറികളും, എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് തനത് പൈതൃകം സൂക്ഷിക്കാനുള്ള അവരുടെ ഇച്ഛാശക്തിയോടുള്ള ബഹുമാനവുമായിരുന്നു.









