മേപ്പാടി: ഒഴിവുദിവസങ്ങൾ ആഘോഷിക്കാൻ നിരവധി വിനോദ സഞ്ചാരികളെത്തുന്ന മേപ്പാടി മേഖലയിലെ പുഴകളിലും ചെറു വെള്ളച്ചാട്ടങ്ങളിലും അപകടം ഒളിച്ചിരിക്കുന്നു.വിനോദയാത്രക്കിടെ അപകടങ്ങൾ പതിയിരിക്കുന്ന പ്രദേശത്തെ പുഴകളിലും ചെറു വെള്ളച്ചാട്ടങ്ങളിലുമൊക്കെ സഞ്ചാരികൾ ഒരു സുരക്ഷ മുൻകരുതലുമെടുക്കാതെ ഇറങ്ങി കുളിക്കുന്നത് പതിവാണ്. ഇവിടങ്ങളിൽ ഒരുവിധ സുരക്ഷ ക്രമീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുമില്ല.

ചോലമല പാലത്തിൽ നിൽക്കുന്ന വിനോദ സഞ്ചാരികൾ
പ്രദേശത്തെ പുഴകളുടെ സ്വഭാവം, പാറക്കെട്ടുകളും കയങ്ങളുമടക്കം ഒന്നും അറിയാതെ കഴിഞ്ഞ കാലങ്ങളിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട് മരിച്ചവർ നിരവധിയാണ്.തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ജില്ലയിലെത്തുന്നവരിൽ അധികവും. എളമ്പിലേരി, ചോലമല, താത്തിലോട്, കള്ളാടി എന്നീ പ്രദേശങ്ങളിലൊക്കെ വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങുന്നത് പതിവാണ്.
ഇവിടെയൊക്കെ അപകടം പതിയിരിക്കുന്നുണ്ട്. അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റ് സുരക്ഷ ക്രമീകരണങ്ങളോ ഒന്നും ഇവിടങ്ങളിൽ നിലവിലില്ല.ഇവിടങ്ങളിൽ വേണ്ട അടിയന്തര സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത്, ഡി.ടി.പി.സി അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.









