ദുബൈ: നിരവധി വിനോദസഞ്ചാര അദ്ഭുതങ്ങളുടെ നഗരമായ ദുബൈയിൽ വീണ്ടുമൊരു വിസ്മയകരമായ ആകർഷണം കൂടി നിർമിക്കുന്നു. ‘ദുമ’ എന്ന ദുബൈ ആർട്സ് മ്യൂസിയമാണ് ദുബൈ ക്രീക്കിലെ ജലമധ്യത്തിൽ നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ദുബൈ ക്രീക്കിലെ ദ്വീപിലാണ് മനോഹരമായ രൂപഭംഗിയോടെ മ്യൂസിയം നിർമിക്കുന്നത്. ആധുനിക കലയുടെ തലസ്ഥാനവും സർഗാത്മകതയുടെ ആഗോള ആസ്ഥാനവുമായി മ്യൂസിയം മാറുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈയുടെ നാഗരികതയെയും ആത്മാവിനെയും പ്രതിഫലിപ്പിക്കുന്ന ‘ദുമ’, നഗരത്തിന്റെ സംസ്കാരത്തിന്റെയും കലകളുടെയും കണ്ണാടിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .ദുബൈയുടെ മുത്തുവാരൽ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന മ്യൂസിയത്തിന്റെ രൂപകൽപന മുത്തിന്റെയും ചിപ്പിയുടെയും രൂപത്തിലാണ്. ആധുനിക കലാകേന്ദ്രമെന്ന നിലയിൽ പ്രശസ്തരും വളർന്നുവരുന്നവരുമായ കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കും. പഠനത്തിനും പരിശീലനത്തിനുമായി ഒരു ലൈബ്രറി, റസ്റ്റാറന്റ്, കഫെ, ദുബൈ ക്രീക്കിനെ അഭിമുഖീകരിക്കുന്ന കലാപരമായ ഇടങ്ങൾ എന്നിവയും ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കലാപരമായ കാര്യങ്ങൾക്കായി ഒത്തുചേരാവുന്ന ഒരു സ്ഥലമായി ‘ദുമ’ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.









