
മുംബയ്: ഐ സി സി വനിതാ ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ട്രേലിയയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മറികടന്ന് ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ആസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം ജെമീമ റോഡ്രിഗസ് പുറത്താകാതെ നേടിയ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ മറിടന്നത്.
ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. ജെമീമ പുറത്താകാതെ 127 റണ്‍സെടുത്തപ്പോള്‍ അമന്‍ജ്യോത് കൗര്‍ 15 റണ്‍സുമായി മറുവശത്ത് ജെമീമക്ക് കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനവും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്റെ ഇന്നിംഗ്‌സും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
സ്മൃതി മന്ദാന 24 റണ്‍സെടുത്ത് മടങ്ങി. വനിതാ ഏകദിന ലോകകപ്പില്‍ ആസ്‌ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് പരാജയപ്പെടുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. സ്‌കോര്‍- ആസ്‌ട്രേലിയ 49.5 ഓവറില്‍ 338ന് ഓള്‍ ഔട്ട്. ഇന്ത്യ 48.3 ഓവറില്‍ 341-5.









