
കുവൈത്ത്: കുവൈത്ത് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച ജനപ്രിയ കളിപ്പാട്ടമായ ‘ലബൂബു’വിൻ്റെ ചില ബാച്ചുകൾ വ്യാജനാണെന്ന് നിർമ്മാതാക്കളും ഔദ്യോഗിക വിതരണക്കാരുമായ പോപ് മാർട്ട് വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിപണിയിൽ നിന്ന് പിൻവലിക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശിച്ച കളിപ്പാട്ടങ്ങളാണ് വ്യാജമെന്ന് കമ്പനി അറിയിച്ചത്.
‘ലബൂബു’ കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് പോവുകയും ഇത് കുട്ടികളിൽ ശ്വാസംമുട്ടലിന് സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന നിർമ്മാണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം TOY3378 എന്ന കോഡിലുള്ള ഉൽപ്പന്നം തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ചത്. ഈ ഉൽപ്പന്നം വാങ്ങിയവർക്ക് തിരികെ നൽകി പണം തിരികെ വാങ്ങാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Also Read: ആർടിഎയുടെ പരിഷ്കാരം; ടാക്സി ഡ്രൈവർമാർക്ക് പുതിയ യൂണിഫോം
പോപ് മാർട്ടിന്റെ വിശദീകരണം
എന്നാൽ, കുവൈത്ത് തിരിച്ചുവിളിച്ച TOY3378 എന്ന കോഡിലുള്ള ഉൽപ്പന്നം തങ്ങളുടേതല്ലെന്നും, അത് വ്യാജ കളിപ്പാട്ടമാണെന്നും പോപ് മാർട്ട് വ്യക്തമാക്കി. ഈ ഉൽപ്പന്നം തങ്ങൾ നിർമ്മിക്കുകയോ വിൽക്കാൻ അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി എടുത്തുപറഞ്ഞു. വിപണിയിൽ എത്തിയിട്ടുള്ള അപകടകരമായ വ്യാജ കളിപ്പാട്ടങ്ങൾ സംബന്ധിച്ച് കുവൈത്തിലെ അധികൃതരുമായി പോപ് മാർട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കിയതായും അറിയിച്ചു.
തങ്ങളുടെ യഥാർത്ഥ ‘ലബൂബു’ ഉൽപ്പന്നങ്ങൾ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുകയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും പോപ് മാർട്ട് ഉറപ്പ് നൽകി. കുവൈത്തിലേതുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളോട്, ഔദ്യോഗിക ചാനലുകൾ വഴി മാത്രം ലബൂബു കളിപ്പാട്ടങ്ങൾ വാങ്ങാൻ കമ്പനി ശക്തമായി നിർദ്ദേശിച്ചു. പോപ് മാർട്ടിന്റെ ഔദ്യോഗിക ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, അംഗീകൃത റീട്ടെയിൽ കടകൾ എന്നിവയാണ് ഔദ്യോഗിക വിതരണ കേന്ദ്രങ്ങൾ.
The post കുവൈത്തിലെ നിരോധനം; ആശങ്ക വേണ്ട! ‘ലബൂബു’ കളിപ്പാട്ടങ്ങൾ വ്യാജമാണെന്ന് പോപ് മാർട്ട് appeared first on Express Kerala.









