രണ്ടായി വെട്ടിമുറിക്കപ്പെട്ട ഒരു രാജ്യത്തിലെ, വിഭജനത്തിന്റെ മുറിവും, നീറ്റലും അനുഭവിക്കേണ്ടി വന്ന ഒരു ഗ്രാമമാണ് ബംഗോൺ.ഇന്ന് 24 നോർത്ത് പർഗാനാസ് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഈ ചെറിയ പട്ടണം. ബംഗോണിലെ പെട്രാപോൾ ഗ്രാമത്തിലൂടെയാണ് ഇന്ത്യ-ബംഗ്ലാദേശ് അന്തരാഷ്ട്ര അതിർത്തി രേഖ കടന്നുപോകുന്നത്. സിൽദയിൽനിന്നും ബംഗോൺ വരെ പോകുന്ന 33811 നമ്പർ ലോക്കൽ സബർബൻ ട്രെയിൻ ഹബ്ര റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കിതച്ചെത്തിച്ചേരുകയും, വലിയ വാതിലുകളിലൂടെ യാത്രികർ ഇറങ്ങുകയും, കയറുകയും ഒപ്പം ട്രെയിൻ വീണ്ടും ഓടിത്തുടങ്ങുകയും എല്ലം ഒരു മിനിറ്റ് സമയത്തിനുള്ളിൽ സംഭവിച്ചു.

ബോഗിക്കുള്ളിൽ ഇരുന്നും,കമ്പികളിൽ പിടിച്ചുനിന്നും അനേകം യാത്രികർ, ആ യാത്രികർക്കിടയിലൂടെ ഇരു കൈകളിലും തൂക്കിയിട്ടിരിക്കുന്ന പാക്കറ്റുകളിൽ വിവിധയിനം ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങളുമായി അസാമാന്യ മെയ് വഴക്കത്തോടെ നീങ്ങുന്ന വിവിധതരം കച്ചവടക്കാർ! ട്രെയിൻബോഗികളിലും ഒരു വലിയ വിപണി കണ്ടെത്തുകയാണ്, അങ്ങനെ സബർബൻ ട്രെയിനുകളും മനുഷ്യർ ജീവനോപാധികൾക്കുള്ള തൊഴിലിടങ്ങളാവുകയാണ്. വിഭജിക്കപ്പെട്ട മണ്ണിൽ മുറിവേറ്റ മനസ്സുമായി ജീവിക്കാനും, ജീവിതത്തിന് നിറം പകരാൻ കഷ്ടപ്പെടുന്ന മനുഷ്യർ.
കൊൽക്കത്തയെ കിഴക്കൻ ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) ഖുൽന നഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയിലൂടെ 1882-’84 കാലത്താണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്, ഈ റെയിൽപാതയിലെ ഹബ്ര സ്റ്റേഷനിൽനിന്നും 32 കി.മീ അകലെയാണ് ബംഗോൺ ജങ്ഷൻ (Bangaon Jun ction Railway stn) ഇന്ത്യൻ റെയിൽവേ കിഴക്കൻ വിഭാഗത്തിന്റെ (Eastern Railway) ഭാഗമായ കൊൽക്കത്തസബർബൻ റെയിൽപാതയിലെ അവസാന സ്റ്റേഷനായ ബംഗോൺ ജങ്ഷനിൽനിന്നും റോഡ് മാർഗം 7കി.മീ സഞ്ചരിച്ചാൽ പെട്രാപോൾ(Petrapol) എന്ന ഗ്രാമത്തിൽ എത്തിച്ചേരാം ഈ ഗ്രാമമാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി.

വംഗദേശത്തിന്റെ മണ്ണും, മനുഷ്യമനസ്സുകളും ബ്രിട്ടീഷ് ഭരണാധികാരികളാൽ വിഭജിക്കപ്പെടും മുമ്പ് ബംഗാൾ പ്രസിഡൻസിയുടെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച റെയിൽപാതയിലൂടെയാണ് ഇനി യാത്ര, അതിർത്തി നിർണയിച്ച് ബംഗാൾ പ്രസിഡൻസി വിഭജിക്കാൻ റാഡ് ക്ലിഫ് വരച്ച അതിർത്തി രേഖക്കടുത്തേക്ക് സബർബൻ ട്രെയിൻ ഓടിത്തുടങ്ങവെ എന്റെ മനസ്സിലേക്ക് ചരിത്രക്ലാസുകളിലും,പുസ്തകങ്ങളിലും വായിച്ചറിഞ്ഞ ഇന്ത്യാ വിഭജനപ്രക്രിയകൾ വന്നെത്തി.

1,75,000 ചതുരശ്രമൈൽ ഭൂപ്രദേശത്തിലെ 880 ലക്ഷം മനുഷ്യർ,അവരുടെ വീടുകൾ, കൃഷിയിടങ്ങൾ, നെല്ലും ഗോതമ്പും കടുകും വിളഞ്ഞ വയലുകൾ തുടങ്ങിയവയെല്ലാം രണ്ടായി വെട്ടിമുറിക്കപ്പെടുക! ഒരു രാജ്യമായിരുന്ന മണ്ണിനെയും, മനുഷ്യരെയും രണ്ട് രാജ്യമാക്കി വിഭജിക്കാൻ 1947 ജൂൺ മാസം ബ്രിട്ടീഷ് ഗവണ്മെന്റ് സിറിൽ റാഡ് ക്ലിഫ് എന്ന ബാരിസ്റ്ററെ ചെയർമാനായി നിശ്ചയിച്ച് രണ്ട് അതിർത്തി നിർണയ കമീഷനുകളെ നിയമിക്കപ്പെടുന്നു. ബംഗാളിനെയും, പഞ്ചാബിനെയും വിഭജിക്കാനായി റാഡ്ക്ലിഫ് തന്റെ ഓഫിസിലെ മേശപ്പുറത്ത് നിവർത്തിവെച്ച അവിഭക്ത ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ രണ്ട് രേഖകൾ വരച്ച് ഇന്ത്യ രാജ്യത്തെ രണ്ടായി വിഭജിച്ചു. പശ്മിമ ബംഗാൾ സംസ്ഥാനം ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത് 2,216.7കിലോമീറ്റാണ്.
ഹബ്രയിൽനിന്നും ഞങ്ങളുടെ ട്രെയിൻ എട്ടുമിനിറ്റു കൊണ്ട് മച്‍ലന്ദപുർ(Machhlandapur) പിന്നിട്ട് ഗോബർദംഗ (Gobardanga) സ്റ്റേഷനിലെത്തി. റെയിൽപാതയോട് ചേർന്നുതന്നെ നിരനിരയായി അടുപ്പുകൂട്ടിയത് പോലുള്ള ചെറിയ ചെറിയ കുടിലുകൾ കാണാം. കുടിലുകൾക്കിടയിലൂടെ നടക്കുകയും, ഇരിക്കുകയും, സംസാരിക്കുകയുമൊക്കെ ചെയ്യുന്ന ധാരാളം മനുഷ്യരെയും കാണാം, ആ കുടിലുകളിലൊക്കെയും ജീവിതങ്ങളുമുണ്ട്. സാധാരണക്കാരായ മനുഷ്യർ തിങ്ങിനിറഞ്ഞ ചേരിപ്രദേശങ്ങളാണത്.ബംഗാളിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റികളിൽ ഒന്നായ ഗോബർദംഗയിലെ റെയിൽപാളത്തോട് ചേർന്ന് കിടക്കുന്ന ചേരിപ്രദേശങ്ങളെ പിന്നിലാക്കി ടാക്കൂർ നഗർ സ്റ്റേഷനിലേക്ക് ട്രെയിൻ ഓടിയെത്തി. ഹിന്ദു മതത്തിലെ വൈഷ്ണവ ഭക്തിവാദത്തെ പരിഷ്കരിച്ചുകൊണ്ട് ഹരിചന്ദ് താക്കൂർ ബംഗാൾ പ്രവിശ്യയിലെ തൊട്ടുകൂടാത്തവരുടെ ഉന്നമനത്തിനായി നാമശൂദ്ര സമുദായത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി ‘മാതുവ ധർമ’ എന്ന പ്രത്യേക വിശ്വാസവിഭാഗം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗുരുചന്ദ് താക്കൂർ മാതുവധർമക്കാരെ സംഘടിപ്പിച്ചു, ഹരിചന്ദ് താക്കൂറിന്റെ ചെറുമകനായ പ്രമത് രഞ്ജൻ താക്കൂറിന്റെ പേരിലാണ് ‘താക്കൂർനഗർ’ ഇന്നറിയപ്പെടുന്നത്.

മാതുധർമ മഹാസംഗമമായ ബരുണിമേളയുടെ പ്രാധാന്യം കാരണം താക്കൂർ നഗർ ‘മാതുവരുടെ മക്ക’ എന്നറിയപ്പെടുന്നു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ താക്കൂർ നഗറിൽ എല്ലാ വർഷവും ചൈത്രമാസത്തിലാണ് ബരുണിമേള നടക്കുന്നത്, ഏഴ് ദിവസങ്ങൾ നീളുന്ന ഈ മാഹമേളയിൽ, മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, മ്യാൻമർ എന്നീ അയൽരാജ്യങ്ങളിൽനിന്നും മാതുവ ധർമ വിഭാഗക്കാർ സംഗമിക്കുന്നു. .ചാന്ദ്പാറയിലെ കടുക് പാടങ്ങൾക്ക് ഇടയിലൂടെ ബംേഗാണിലേക്ക് നീണ്ടുനിവർന്ന് കിടക്കുന്ന ഉരുക്കുപാളങ്ങളിലൂടെ അതിവേഗം ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബിഭൂതിഭൂഷൺ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ കടന്നു. പ്രശസ്ത ബംഗാളി എഴുത്തുകാരനായ ബിഭൂതിഭൂഷൻ ബന്ദോപാധ്യായയുടെ ജന്മദേശത്തിലൂടെയാണ് യാത്ര. അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോൾ പിന്നിട്ട റെയിൽവേസ്റ്റേഷൻ അറിയപ്പെടുന്നത്.
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ യുടെ ആത്മാംശമുള്ള ‘പഥേർ പാഞ്ചാലി’ എന്ന ബംഗാളി നോവൽ വായനയിലൂടെയൊക്കെയാണല്ലോ മലയാളികൾ ബംഗാളിനെ അറിഞ്ഞത്, ജനലിനപ്പുറത്തെ ഗ്രാമക്കാഴ്ചകൾ നോവലിൽ പറയുന്ന നിശ്ചിന്ദിപുർ ഗ്രാമത്തിന്റെ നേർചിത്രം കണ്ണുകളിലെത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രാഹ്മണ പണ്ഡിതനായ ഹരിഹർ റായുടെ കുടുംബം താണ്ടിയ ഗ്രാമീണ നടവഴികൾ… ഹരിഹറും, പത്നി സർവജയയുടെയും മക്കൾ ദുർഗയുടെയും, അപുവിന്റെയും ജീവിതം ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയത് നിശ്ചിന്ദിപുർ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. ദുർഗയുടെയും,അപുവിന്റെയും ബാല്യകാലവും, നിത്യദാരിദ്ര്യത്തിൽ തളരാതെ അവർ വളർന്ന വീടും, ഗ്രാമത്തിലെ മുളങ്കാടും, കുളവും അതിനപ്പുറത്തുളള വെളിമ്പ്രദേശങ്ങളുമൊക്കെ ഓർമയിലേക്ക് ഓടിയെത്തി.

ഗ്രാമത്തിലെ വഴികളും, പ്രകൃതി അവർക്കുവേണ്ടി സ്വരുക്കൂട്ടിവെച്ചിരിക്കുന്ന കാഴ്ചകളും ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയിയത് ബംഗോണിലെ ഈ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലായതിൽ അത്ഭുതപ്പെടാനൊന്നുമില്ല! കാരണം റെയിൽ പാളത്തിനിരുവശത്തെയും ഗ്രാമക്കാഴ്ചകൾ അത്രക്ക് ഹൃദയസ്പർശിയാണ്. വിഭജനത്തിനു മുമ്പുള്ള ബംഗാളി ഗ്രാമീണ ജനതയുടെ ജീവിതമാണ് പഥേർ പാഞ്ചാലി നോവലിലൂടെ അദ്ദേഹം കാണിച്ചു തന്നത്. കവിയും പൂജാരിയുമായ ഹരിഹരറായിയുടെ കുടുംബവും പ്രായംചെന്ന ഇന്ദിര ഠാക്കുറാണി എന്ന വല്യമ്മയെയും നോവൽ വായിച്ചവർക്ക് മറക്കാനാവില്ല.

പിന്നിലേക്ക് ഓടിമറയുന്ന കടുക് പാടങ്ങളും,പറമ്പുകളും, തോടുകളും‘പഥേർപാഞ്ചാലി’യിലെ നിശ്ചിന്ദിപുരത്തേക്ക് മനസ്സിനെ പിടിച്ചു വലിച്ചുകൊണ്ടിരിക്കെ ട്രെയിൻ വേഗം കുറച്ച് വെട്ടിമുറിക്കപ്പെട്ട ഇന്ത്യയിലെ അവസാന റെയിൽവേ ജങ്ഷനായ ബംഗോൺ സ്റ്റേഷനിൽ എത്തിനിന്നു.1947 ൽ ഏഷ്യാഭുഖണ്ഡത്തിലെ ഏറ്റവും മഹത്തായ ഒരു രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച് രണ്ട് സ്വതന്ത്രരാജ്യങ്ങളായി മാറ്റാനായി റാഡ്ക്ലിഫ് വരച്ചിട്ട അതിർത്തി രേഖ ഇച്ചാമതി നദിയെയും ബംഗോണിനേയും വിഭജിച്ച് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള ഒരു അന്താരാഷ്ട്ര അതിർത്തി പ്രദേശമായി മാറ്റും മുമ്പ് ജെസ്സോർ ജില്ലയുടെ ഭാഗമായിരുന്നു ബംഗോൺ.









