
റിജേക്ക(ക്രൊയേഷ്യ): ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത നേടി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും മിന്നും പ്രകടനം കാഴ്‌ച്ചവച്ച ക്രൊയേഷ്യ വരുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കി.
ഇന്നലെ നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ഫറോ ഐലന്‍ഡിനെ കീഴടക്കി. ജയത്തെ തുടര്‍ന്ന് ഏഴ് കളികളില്‍ നിന്ന് ആറ് ജയം സഹിതം 19 പോയിന്റുമായി ഗ്രൂപ്പ് എല്ലിലെ മുന്‍നിര സ്ഥാനം ഉറപ്പിച്ചു. ഏഴ് മത്സരങ്ങള്‍ പിന്നിട്ട രണ്ടാം സ്ഥാനക്കാരായ ഷീസിയയ്‌ക്ക് 13 പോയിന്റാണുള്ളത്. ശേഷിക്കുന്ന ഒരു മത്സരത്തിലൂടെ അവര്‍ക്ക് ക്രൊയേഷ്യയുടെ ഒപ്പമെത്താന്‍ പോലും സാധിക്കില്ല.
ക്രൊയേഷ്യയുടെ സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ഫറോ ഐലന്‍ഡിനെതിരായ വിജയം 3-1നായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഒരു സമനില നേടിയാല്‍ പോലും ക്രൊയേഷ്യയ്‌ക്ക് യോഗ്യത ഉറപ്പിക്കാനാകുമായിരുന്നു. 16-ാം മിനിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് ഫറോ ഐലന്‍ഡ് ഗോള്‍ നേടി. ഗെസെ ഡേവിഡ് ടൂറി ആണ് സ്‌കോര്‍ ചെയ്തത്. 23-ാം മിനിറ്റില്‍ സൂപ്പര്‍ ഡിഫെന്‍ഡര്‍ ജോസ്‌കോ ഗ്വാര്‍ഡിയോളിലൂടെ ക്രൊയേഷ്യ മറുപടി നല്‍കി. ആദ്യ പകുതി 1-1ല്‍ തീര്‍ന്നു.
രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടിക്കൊണ്ട് ക്രൊയേഷ്യ വിജയവും യോഗ്യതയും ഉറപ്പിച്ചു. 57-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ പെറ്റര്‍ മുസാ, 70-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ നിക്കോള വ്‌ളാസിച്ച് എന്നിവര്‍ ഗോളുകള്‍ നേടി.









