
കൊച്ചി: തോല്‍വി വിട്ടൊഴിയാതെ ഫോഴ്സ കൊച്ചി. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ തുടര്‍ച്ചയായ ഏഴാം മത്സരവും അവര്‍ തോറ്റു. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഫോഴ്സയെ കീഴടക്കിയത്.
17-ാം മിനിറ്റില്‍ ഖാലിദ് റോഷനാണ് കൊമ്പന്‍സിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഫോഴ്സ കൊച്ചിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. അവസാന അരമണിക്കൂറോളം സമയം 10 പേരുമായി കളിക്കേണ്ടി വന്നതും ഫോഴ്സയ്‌ക്ക് തിരിച്ചടിയായി. റിജോണ്‍ ജോസാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത്. എണ്‍പതാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി.
കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ഇലവനില്‍ മാറ്റമൊന്നുമില്ലാതെയാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇന്നലെ എവേ മത്സരത്തില്‍ കൊച്ചി ഫോഴ്സക്കെതിരെ ഇറങ്ങിയത്. അതേസമയം കഴിഞ്ഞ് കളിയില്‍ കാലിക്കറ്റ് എഫ്സിയോട് തകര്‍ന്നടിച്ച ടീമില്‍ നിരവധി മാറ്റങ്ങളാണ് ഫോഴ്സ കൊച്ചി വരുത്തിയത്. ഗോള്‍വലയ്‌ക്ക് മുന്നില്‍ മുഹമ്മദ് അലി സര്‍ദാറിന് പകരം ജെയ്‌മി ജോയ്, പ്രതിരോധത്തില്‍ ജിഷ്ണു, ശ്രീരാഗ്, റോഡ്രിഗോ ലൂയിസ് എന്നിവര്‍ക്ക് പകരം മുഹമ്മദ് മുഷറഫ്, റിജോണ്‍ ജോസ്, എന്റിക്വെ ലോപ്പസ്, മധ്യനിരയില്‍ അഭിഷേക് ഹാല്‍ഡറിന് എന്നിവര്‍ക്ക് പകരം ഗ്രിഫ്റ്റി ഗ്രേഷ്യസ്, മുന്നേറ്റത്തില്‍ സംഗീത് സതീഷിന് പകരം സജീഷ്. ഇ തുടങ്ങിയവരും ഇറങ്ങി.
പന്ത് കൈവശംവയ്‌ക്കുന്നതില്‍ മുന്നിട്ടുനിന്നത് ആതിഥേയരായ ഫോഴ്സ കൊച്ചിയായിരുന്നെങ്കിലും ആസൂത്രിതമായ മുന്നേറ്റങ്ങളും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകളും പായിച്ചത് കൊമ്പന്‍സായിരുന്നു. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ കൊമ്പന്‍സിന് ആദ്യ അവരം ലഭിച്ചു. എന്നാല്‍ അവരുടെ ബ്രസീലിയന്‍ താരം ഓട്ടിമര്‍ ബിസ്പോയുടെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റില്‍ തിരുവനന്തപുരം ഗോള്‍ നേടി. അബ്ദുല്‍ ബാദിഷ് നീക്കി നല്‍കിയ പന്തില്‍ ഖാലിദ് റോഷന്റെ മനോഹര ഫിനിഷിങ് (10). എന്നാല്‍ ആദ്യപകുതിയില്‍ തന്നെ ഖാലിദ് റോഷന്‍ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമോസ് കിരിയയെ പിന്‍വലിച്ച കൊച്ചി മാര്‍ക്ക് വര്‍ഗാസിനെ കളത്തിലിറക്കി. അറുപത്തിയൊന്നാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ പൗലോ വിക്റ്ററിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അറുപത്തിയാറാം മിനിറ്റില്‍ ബോക്സിന് പുറത്ത് പൗലോ വിക്റ്ററിനെ ഫൗള്‍ ചെയ്തു വീഴ്‌ത്തിയ കൊച്ചിയുടെ റിജോണ്‍ ജോസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. റൊമാരിയോ ജെസുരാജിന് പകരം നിജോ ഗില്‍ബര്‍ട്ടിനെ കൊണ്ടുവന്ന കൊച്ചിയുടെ ഗോള്‍ശ്രമങ്ങള്‍ ഒന്നും ഫലം കാണാതെ പോയി. എണ്‍പതാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും രണ്ടാം മഞ്ഞക്കാര്‍ഡിന് പിന്നാലെ ചുവപ്പുകാര്‍ഡ് വാങ്ങി കളം വിട്ടു.
18ന് നടക്കുന്ന തൃശൂര്‍ മാജിക് എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കിക്കോഫ്.









