
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ബൗളര്‍മാര്‍ക്ക് പറുദീസയായപ്പോള്‍ ഭാരതം-ദക്ഷിണാഫ്രിക്ക ടെസ്റ്റ് കുറഞ്ഞ സ്‌കോറിന്റെ ത്രില്ലര്‍ പോരാട്ടമായി.
ആദ്യം ബാറ്റ് ചെയ്ത് 159 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ ഭാരതം പുറത്തായത് 189 റണ്‍സില്‍. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം കഴിയുമ്പോള്‍ 93 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
കൊല്‍ക്കത്തയില്‍ ആദ്യ ദിനം പേസര്‍മാര്‍ ആധിപത്യം പുലര്‍ത്തിയെങ്കില്‍ രണ്ടാം ദിവസം സ്പിന്നര്‍മാരാണ് കസറിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് രവീന്ദ്ര ജഡേജ ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുന്നു. പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ആറ് ഓവറുകള്‍ മാത്രമാണ് അനുവദിച്ചത്. മറ്റൊരു പേസര്‍ മുഹമ്മദ് സിറാജിനാകട്ടെ പന്ത് നല്‍കിയിട്ടേയില്ല. ജഡേജയ്‌ക്ക് പുറമെ ബൗളിങ്ങിനെത്തിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും(രണ്ട്) അക്ഷര്‍ പട്ടേലും(ഒന്ന്) വിക്കറ്റ് നേടി.
ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണി(11)നെ വിക്കറ്റിന് മുന്നില്‍ കുരുക്കിക്കൊണ്ട് കുല്‍ദീപ് യാദവ് ആണ് ഭാരതത്തിന്റെ സ്പിന്‍ ആക്രമണത്തിന് തുടക്കമിട്ടത്. ടീം ടോട്ടല്‍ 40ലെത്തുമ്പോഴേക്കും നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
കാലാവസ്ഥാ പ്രശ്‌നം കാരണം രണ്ടാം ദിവസവും കുറച്ച് നേരത്തെ കളി നിര്‍ത്തേണ്ടിവന്നു. ഭാരത സ്പിന്നിനോട് ചെറുത്തു നിന്ന ക്യാപ്റ്റന്‍ ടെംബ ബവൂമ 78 പന്തില്‍ 29 റണ്‍സുമായി ക്രീസിലുണ്ട്. നായകനൊപ്പം പൊരുതാന്‍ ശ്രമിച്ച മാര്‍കോ ജാന്‍സെനെ(13) ഏഴാമനായി പുറത്താക്കാന്‍ സാധിച്ചത് ഭാരതത്തിന് ആശ്വാസമായി. കളി നിര്‍ത്തുമ്പോള്‍ ബവൂമയ്‌ക്കൊപ്പം കോര്‍ബിന്‍ ബോഷ്(ഒന്ന്) ആണ് ക്രീസില്‍.
രാവിലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സുമായി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഭാരതം മികച്ച രീതിയില്‍ പൊരുതി നിന്നെങ്കിലും ഈഡന്‍ ഗാര്‍ഡന്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. കെ.എല്‍. രാഹുലും വാഷിങ്ടണ്‍ സുന്ദറും ആയിരുന്നു ക്രീസില്‍. നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച സൈമന്‍ ഹാര്‍മര്‍ ആണ് 57 റണ്‍സ് പിന്നിട്ട രാഹുല്‍-സുന്ദര്‍ കൂട്ടുകെട്ട് തകര്‍ത്തത്. തലേന്ന് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സുന്ദര്‍(29) പുറത്താകുമ്പോള്‍ ആരും വിചാരിച്ചില്ല അത് ഭാരത ഇന്നിങ്‌സിലെ രണ്ടാമത്തെ മികച്ച വ്യക്തിഗത സ്‌കോര്‍ ആയിരിക്കുമെന്ന്. ഭാരതം രണ്ടിന് 75 എന്ന നിലയിലായി. പക്ഷെ പിന്നീടെല്ലാം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ നിശ്ചയിച്ചു. ഭാരത ടോട്ടല്‍ നൂറ് പിന്നിട്ട ഉടനെ കേശവ് മഹാരാജിന്റെ പന്തില്‍ രാഹുല്‍ വീണു. 119 പന്തുകളില്‍ 39 റണ്‍സെടുത്ത രാഹുല്‍ ഭാരത നിരയിലെ ടോപ് സ്‌കോറര്‍ ആയി. പിന്നീട് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും 27 വീതം റണ്‍സുകള്‍ നേടി പൊരുതി നില്‍ക്കാന്‍ ശ്രമിച്ചത് ഭാരതത്തെ നേരീയ ലിഡീലേക്ക് നയിച്ചു.
കഴുത്തുവേദന, ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ബാറ്റിങ്ങിനെത്തിയ ഭാരത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വളരെ വേഗം റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തേക്ക് പോയി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട താരം ഒരു ബൗണ്ടറി നേടി. കഴുത്ത് വേദനയെ തുടര്‍ന്ന് വേഗത്തില്‍ ഡ്രെസ്സിങ് റൂമിലെത്തി വിശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.









