
അഹമ്മദാബാദ്: അണ്ടര്‍ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളം റെയില്‍വേസിനെ തകര്‍ത്തു. നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉജ്ജ്വലമായി തിരിച്ചുവരവ് നടത്തിയാണ് കേരളം ഗംഭീര വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 49.2 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.
മുന്‍ നിര ബാറ്റര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തിലാണ് റെയില്‍വേസ് പൊരുതാവുന്ന ടോട്ടല്‍ സ്വന്തമാക്കിയത്. 72 പന്തില്‍ 80 റണ്‍സ് നേടിയ അഞ്ചിത് ആണ് റെയില്‍വേസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സെടുത്ത അഭിഷേക് കൗശലും മികവ് കാട്ടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 41 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. കൃഷ്ണനാരായണും(54) ഷോണ്‍ റോജറും(70) നേടിയ അര്‍ദ്ധസെഞ്ച്വറികള്‍ കേരളത്തിന് രക്ഷയായി. വീശിയ പവന്‍ ശ്രീധറും പിന്നീട് സഞ്ജീവ് സതീശനും ചേര്‍ന്ന് കേരളത്തിന് വിജയം ഒരുക്കുകയായിരുന്നു.









