മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവ് നവംബർ 21 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളോടെ സമാപിക്കും. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ രണ്ടാം ഘട്ട മത്സരത്തിൽ മാറ്റുരയ്ക്കും. ഹമദ് ടൗൺ കാനൂ ഹാളിൽ വെളളിയാഴ്ച കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെ പതിനാല് കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മദ്റസകളിൽ പഠിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാർത്ഥികളാണ് നാഷണൽ കലോത്സവത്തിലെ മത്സരാർത്ഥികൾ.
കിഡ്സ്. സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, കഥ പറയൽ, മലയാള ഗാനം, അറബി ഗാനം, സംഘഗാനം, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്), ബുർദ പാരായണം എന്നീ മത്സരങ്ങൾ സമാപന വേദിയിൽ നടക്കും. മത്സരങ്ങൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങൾക്ക് ശേഷം രാത്രി ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയി കൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ചടങ്ങിൽ ഐ.സി.എഫ്. ഇന്റർ നാഷണൽ നേതാക്കളും മറ്റ് പ്രമുഖരും സംബന്ധിക്കും.
പരിപാടികൾക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗം അന്തിമ രൂപം നൽകി. മമ്മൂട്ടി മുസ്ല്യാർ വയനാട്, അഡ്വ: എം.സി അബ്ദുൽ കരീം, റഫീക്ക് ലത്വീഫി വരവൂർ, , ശംസുദ്ദീൻ സുഹ് രി , ശിഹാബുദ്ധീൻ സിദീഖി, അബ്ദു റഹീം സഖാഫി വരവൂർ, നസീഫ് അൽ ഹമ്പനി, മൻസൂർ അഹ്സനി , വി. പി.കെ. മുഹമ്മദ്, നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി എന്നിവർ സംബന്ധിച്ചു.








