
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള തൃശൂര്‍ മാജിക് എഫ്സിയും നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയും കൊമ്പുകോര്‍ക്കും. തൃശൂരിന്റെ രണ്ടാം ഹോം മത്സരമാണിന്ന്.
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ ഹോം മത്സരത്തില്‍ മലപ്പുറം എഫ്സിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് നിലവിലെ ചാ്മ്പ്യന്മാരായ കാലിക്കറ്റ് എഫ്സിക്കെതിരെ തൃശൂര്‍ മാജിക് എഫ്സി ഇന്നിറങ്ങുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ വിജയം. ഈ വിജയമാണ് തൃശൂരിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ആറ് കളികളില്‍ നിന്ന് നാല് വിജയവും ഒന്നു വീതം സമനിലയും പരാജയവുമടക്കം 13 പോയിന്റാണ് തൃശൂര്‍ മാജിക് എഫ്സിക്കുള്ളത്. കാലിക്കറ്റ് എഫ്സിക്ക് മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റും.
മികച്ച ഒത്തിണക്കമാണ് കഴിഞ്ഞ കളികളില്‍ തൃശൂര്‍ മൈതാനത്ത് കാഴ്ചവെച്ചത്. മലപ്പുറത്തിനെതിരെ തൃശൂരിന്റെ സൂപ്പര്‍ ഗോളി കമാലുദ്ദീന് പകരം മൈതാനത്തിറങ്ങിയ ലക്ഷ്മികാന്ത് കട്ടിമണി മികച്ച പ്രകടനം നടത്തിയിരുന്നു. മലപ്പുറം എഫ്സി ഒരുക്കിയ പല അവസരങ്ങളും കട്ടിമണിക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. കളിയിലെ താരമായതും കട്ടിമണി തന്നെയായിരുന്നു. ഇവാന്‍ മാര്‍കോവിച്ച്, ഡീന്‍ സിലച്ച്, കെവിന്‍ പാഡില്ല, ലെനി റോഡ്രിഗസ്, തേജസ് കൃഷ്ണ, മുഹമ്മദ് ജിയാദ്, ഉമാശങ്കര്‍, മുഹമ്മദ് ജിയാദ്, നവീന്‍ കൃഷ്ണ, എസ്.കെ. ഫായിസ് എന്നിവരെല്ലാം ഇന്നും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത. കൂടാതെ മികച്ച പ്രതിരോധവും തൃശൂരിന് മുന്‍തൂക്കം നല്‍കുന്നു. ആദ്യം ഒരു ഗോളടിച്ചാല്‍ പ്രതിരോധം കടുപ്പിച്ച് അവര്‍ വിജയിക്കുന്നതാണ് പല കളികളിലും കണ്ടത്.
അതേസമയം കാലിക്കറ്റിന് ഇന്ന് ഒരു കണക്കുതീര്‍ക്കാനുണ്ട്. ഒക്ടോബര്‍ 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയോട് 1-0ന് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് കണക്കുതീര്‍ക്കുക എന്നതാണ് ഇന്ന് കാലിക്കറ്റ് എഫ്സിയുടെ ലക്ഷ്യം. ഫോഴ്സ കൊച്ചിയെ എവേ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ ഇന്ന് ഇറങ്ങുന്നത്. ഈ മത്സരത്തില്‍ ഹാട്രിക് നേടിയ മുഹമ്മദ് അജ്സലും രണ്ട് ഗോളടിച്ച് നായകന്‍ പ്രശാന്തും മിന്നുന് ഫോമിലാണെന്നതാണ് ആത്മവിശ്വാസത്തിന് കാരണം. കരുത്തുറ്റ താരനിരയാണ് അവര്‍ക്കുള്ളത്. റിച്ചാര്‍ഡ് നയിക്കുന്ന പ്രതിരോധത്തില്‍ മുഹമ്മദ് റിയാസ്, ഗാസ്റ്റണ്‍ സോസയും, സച്ചു സിബിയും ഡിഫന്‍സീവ് മിഡ്്ഫീല്‍ഡറായി ജോനാഥന്‍ പെരേരയും ഫെഡറികോയും ഇറങ്ങുമെന്നാണ് സൂചന. വിങ്ങുകളില്‍ക്കൂടിയുള്ള ആക്രമണത്തിന് നായകന്‍ പ്രശാന്ത് തന്നെ നായകത്വം വഹിക്കും. കൂട്ടിന് മുഹമ്മദ് അജ്സലും എത്തുമ്പോള്‍ ്സ്ട്രൈക്കറായി മുഹമ്മദ് ആസിഫ് തന്നെ ഇറങ്ങാനാണ് സാധ്യത. എന്തായാലും തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക എന്നത് ഉറപ്പാണ്.









