
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് രണ്ട് കരുത്തരുടെ പോരാട്ടം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് മലപ്പുറം എഫ്്സിയെ നേരിടും. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും കണ്ണൂര്‍ അഞ്ചാമതുമാണ്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് കളിക്കാനിറങ്ങുന്നത് എന്നത് വാരിയേഴ്സിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
സ്വന്തം മൈതാനത്ത് നടന്ന കഴിഞ്ഞ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തിരുവനന്തപുരം കൊമ്പന്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ കണ്ണൂരിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. അതുകൊണ്ടുതന്നെ ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ വാരിയേഴ്സിനെ ജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തിപ്പെടുത്തില്ലെന്നുറപ്പാണ്. പന്ത് കൈവശംവയ്‌ക്കുന്നതില്‍ കണ്ണൂര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് തിരിച്ചടിയാകുന്നത്. മധ്യനിര മികച്ചതാണെങ്കിലും പ്രതിരോധത്തിലും വിള്ളല്‍ വീഴുന്നത് കോച്ചിനെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആദ്യ നാല് എവേ മത്സരങ്ങളില്‍ മൂന്ന് ഗോള്‍ മാത്രം വഴങ്ങിയ ടീം രണ്ട് ഹോം മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍ ഇതിനകം വഴങ്ങി. ഇന്ന് അവരുടെ സൂപ്പര്‍ താരവും നായകനുമായ അഡ്രിയാന്‍ സെര്‍ഡിനാരോ ഇല്ലാതെയാണ് വാരിയേഴ്സ്് ഇറങ്ങുക. തിരുവനന്തപുരം കൊമ്പന്‍സിനെതിരായ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതാണ് തിരിച്ചടിയായത്.
വലകാക്കാന്‍ ഉബൈദ്
കൊമ്പന്‍സിനെതിരെ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദിന്റെ മിന്നുന്ന പ്രകടനമില്ലായിരുന്നെങ്കില്‍ അവരുടെ തോല്‍വി കൂടുതല്‍ കനത്തതായേനെ. ഇന്നും അവരുടെ ഗോള്‍വലയ്‌ക്ക് മുന്നില്‍ ഉബൈദ് തന്നെയാവും നിലയുറപ്പിക്കുക. പ്രതിരോധനിരയിലെ നിക്കോളാസ്, വികാസ്, മനോജ് മധ്യനിരയിലെ ലവ്‌സാംബ എന്നിവര്‍ എല്ലാ മത്സരങ്ങളിലും 90 മിനിറ്റ് വീതം കളിച്ചു. കഴിഞ്ഞ ദിവസം ടീമിലെത്തിയ ഇന്ത്യന്‍ താരംം കീന്‍ ലൂയിസ് ഇന്ന് ഇറങ്ങാനാണ് സാധ്യത. മറ്റൊരു താരമായ റോഷന്‍ ജിജി സൈഡ് ബെഞ്ചിലിരിക്കാനാണ് സാധ്യത. കൊമ്പന്‍സിനെതിരെ ആശ്വാസ ഗോള്‍ നേടിയ ഗോമസ് അല്‍വാരസ് ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ടി. ഷിജിനും നിക്കോളാസ് ഡെല്‍മോണ്‍ടെ, എബിന്‍ ദാസ്, മുഹമ്മദ് സിനാന്‍ തുടങ്ങിയവരും ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ കളിയില്‍ തൃശൂര്‍ മാജിക് എഫ്സിയോട് അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട മലപ്പുറം എഫ്സി വിജയം ലക്ഷ്യമിട്ടാണ് ഇന്ന് വാരിയേഴ്സിനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡിയിലാണ് അവരുടെ ഏക പ്രതീക്ഷ. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ അഞ്ച് ഗോളടിച്ച കെന്നഡി മികച്ച ഫോമിലാണ്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഈ സീസണില്‍ ടീമിലെത്തിച്ച സ്ട്രൈക്കര്‍ റോയ് കൃഷ്ണ രണ്ട് ഗോളടിച്ചെങ്കിലും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. മാത്രമല്ല മലപ്പുറത്തിന്റെ പ്രതിരോധത്തിലും വിള്ളലുകള്‍ ധാരാളമുണ്ട്. തൃശൂരിനെതിരായ കളിയില്‍ അവരെ പരാജയത്തിലേക്ക് നയിച്ചതും പ്രതിരോധ പിഴവ് മാത്രമയിരുന്നു. മധ്യനിരയില്‍ ഫകുണ്‍ഡോ, ബദ്ര് ബുലാഹ്റൂദിന്‍ എന്നിവര്‍ക്ക് പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു തുടങ്ങി ഒരുപിടി താരങ്ങളും മലപ്പുറം എഫ്‌സി നിരയിലുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ടീമിലെത്തിയ ഇഷാന്‍ പണ്ഡിതയും മലപ്പുറം നിരയിലുണ്ട്. ഇരു ടീമുകളും മലപ്പുറത്ത് ഏറ്റുമുട്ടിയപ്പോള്‍ കളി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ന് ഇരു ടീമുകള്‍ക്കും വിജയം മാത്രമാണ് ലക്ഷ്യമെന്നതിനാല്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.









