
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂരിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി കാലിക്കറ്റ് എഫ്‌സി. 87-ാം മിനിറ്റില്‍ ഫെഡറികോ ബൊസ്സാവോ നേടിയ ഏക ഗോളിനാണ് തൃശൂര്‍ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ തൃശൂരിനെ മറികടന്ന് കാലിക്കറ്റ് എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 7 കളിയില്‍ നിന്ന് 14 പോയിന്റ് കാലിക്കറ്റിന് സ്വന്തം. തൃശൂര്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. കോഴിക്കോട് നടന്ന മത്സരത്തില്‍ തൃശൂരിനോടേറ്റ പരാജയത്തിന് പകരം വീട്ടാനും ജയത്തോടെ കാലിക്കറ്റിനായി.
മലപ്പുറം എഫ്‌സിയെ പരാജയപ്പെടുത്തിയ അതേ ഇലവനെയാണ് തൃശൂര്‍ മാജിക് എഫ്‌സി ഇന്നലെ കാലിക്കറ്റ് എഫ്‌സിക്കെതിരെ അണിനിരത്തിയത്. ഫോഴ്‌സ കൊച്ചിയെ തകര്‍ത്ത ടീമില്‍ ഒരു മാറ്റം വരുത്തി കാലിക്കറ്റ് എഫ്‌സിയും ഇറങ്ങി. നായകന്‍ പ്രശാന്തിന് പകരം വി. അര്‍ജുന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മാജിക് എഫ്‌സി 4-4-2 ശൈലിയിലും കാലിക്കറ്റ് 4-3-3 ശൈലിയിലുമാണ് ഇറങ്ങിയത്.
കളി ഇരുപത് മിനിറ്റ് പിന്നിടുന്നതിന് മുന്നേ ഫുട്‌ബോള്‍ മൈതാനത്ത് പൊതുവില്‍ കാണാത്ത ഒരു സബ്സ്റ്റിറ്റിയൂട്ട്. റഫറിയായിരുന്ന അജയ് കൃഷ്ണണന് പകരം ഫോര്‍ത്ത് ഒഫീഷ്യലായ ജസ്റ്റിന്‍ ജോസ് മത്സരം നിയന്ത്രിക്കാനായി മൈതാനത്തെത്തി. ഇരുപത്തിമൂന്നാം മിനിറ്റില്‍ തൃശൂരിന് ഒരവസരം ലഭിച്ചു. കാലിക്കറ്റ് ഗോളി മുന്നോട്ട് കയറി നില്‍ക്കെ ബോക്‌സിന് ഏറെ പുറത്തു നിന്ന് ഇവന്‍ മാര്‍കോവിച്ച് ഗോള്‍വല ലക്ഷ്യമാക്കി നെടുനീളന്‍ ലോബ് തൊടുത്തെങ്കിലും വേഗത്തില്‍ പിന്നിലേക്ക് ഓടിയിറങ്ങിയ ഹജ്മല്‍ പന്ത് പിടിച്ചെടുത്തു. തൊട്ടുപിന്നാലെ കാലിക്കറ്റിന് രണ്ട് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ തൃശൂരിന് ഒരു ഫ്രീ കിക്ക് ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആദ്യ പകുതിയില്‍ 4 കോര്‍ണര്‍ കാലിക്കറ്റിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
അര്‍ജുന് പകരം നായകന്‍ പ്രശാന്തിനെ ഇറക്കിയാണ് കാലിക്കറ്റ് എഫ്‌സി രണ്ടാം പകുതിയില്‍ തുടങ്ങിയത്. 48-ാം മിനിറ്റില്‍ കാലിക്കറ്റിന് കോര്‍ണര്‍. പ്രശാന്ത് എടുത്ത കിക്കും അപകടമുണ്ടാക്കാതെ കടന്നു പോയി. 59-ാം മിനിറ്റില്‍ തൃശൂര്‍ ഫായിസിന് പകരം ഫൈസലും ഉമാശങ്കറിന് പകരം ഫ്രാന്‍സിസ് ന്യുയറും ഇറങ്ങി. അധികം കഴിയും മുന്നേ കാലിക്കറ്റ് രണ്ട് മാറ്റം വരുത്തി. റോഷലിന് പകരം മുഹമ്മദ് ആഷിഖും ആസിഫിന് പകരം അരുണ്‍ കുമാറും ഇറങ്ങി. 69-ാം മിനിറ്റില്‍ കാലിക്കറ്റിന് സുവര്‍ണാവസരം. എന്നാല്‍ അജ്‌സലിന് പിഴച്ചു. ലക്ഷ്മികാന്ത് കട്ടമണി അഡ്വാന്‍സ് ചെയ്ത് കയറി നില്‍ക്കുന്നത് കണ്ട അജ്‌സല്‍ തലയ്‌ക്ക് മുകളിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
തൊട്ടുപിന്നാലെ ജോനാഥന്‍ പെരേര, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് പകരം ബ്രൂണോ, ഷബാസ് എന്നിവരെ കാലിക്കറ്റും നവീന്‍കൃഷ്ണണയ്‌ക്ക് പകരം മുഹമ്മദ് അഫ്‌സലിനെ തൃശൂരും ഇറക്കി. 87-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. കാലിക്കറ്റിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഷാബാസ് അഹമ്മദ് വലതു പാര്‍ശ്വത്തില്‍ നിന്ന് പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ എണ്ണം പറഞ്ഞ ക്രോസിന് മുന്നോട്ടേക്ക് ഓടിക്കയറിയ അലക്‌സിസ് സോസ നല്ലൊരു ഹെഡറിലൂടെ വലയിലെത്തിച്ചു.









