
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുരുഷ താരങ്ങളായ ലക്ഷ്യ സെന്‍, ആയുഷ് ഷെട്ടി എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ സ്റ്റാര്‍ സഖ്യം സാത്വിക്-ചിരാഗ് ഷെട്ടിയും അന്തിമ എട്ടിലെത്തി. സീനിയര്‍ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കിഡിംബി ശ്രീകാന്ത് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
ചെനീസ് തായിപേയി സഖ്യം സു ചിങ്-വു ഗ്വാന്‍ ഷന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമിന് തകര്‍ത്താണ് സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പ്രീക്വാര്‍ട്ടര്‍ വിജയം. ഇരുവരും ചേര്‍ന്ന് വെറും 37 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി.
ജപ്പാന്‍ താരം നരോക്കയെ നേരിട്ടുള്ള ഗെയിമിന് തോല്‍പ്പിച്ചാണ് ആയുഷിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍ 21-17, 21-16നായിരുന്നു വിജയം. ചൈനീസ് തായ്‌പേയി താരം ഷി യു ജെന്‍ ആണ് ലക്ഷ്യാ സെന്നിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍ 21-17, 13-21, 21-13നായിരുന്നു ലക്ഷ്യയുടെ വിജയം.
ഇന്തോനേഷ്യയുടെ ആല്‍വി ഫര്‍ഹാന്‍ ആണ് പ്രണോയിയെ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റിനായിരുന്നു മലയാളി താരത്തിന്റെ തോല്‍വി. സ്‌കോര്‍ 19-21, 10-21









